| Sunday, 31st August 2025, 7:03 am

ലാല്‍ സാറിന്റെ കുട്ടിക്കളികള്‍ പിന്നീട് റിലീസ് ചെയ്യാന്‍ വേണ്ടി മാറ്റിവെച്ചിട്ടുണ്ട്: അനൂപ് സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച പ്രതികരണം കിട്ടി ഹൃദയപൂര്‍വ്വം തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയായ അനൂപ് അത്യയധികം സന്തോഷത്തിലാണ്. ഇപ്പോള്‍ ഹൃദയപൂര്‍വ്വത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് അനൂപ് സത്യന്‍.

ഹൃദയപൂര്‍വ്വത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എടുത്ത് പറയുന്ന ഒരു കാര്യം ‘സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍’ ഫാക്ടര്‍ ആണ്. അച്ഛന്റെ സിനിമകളില്‍ ലാല്‍ സാറിന് ഒരു പ്രത്യേക കംഫര്‍ട്ട് സോണ്‍ ഉണ്ട് എന്നതാണ് അതിന്റെ കാര്യം, കാര്യമായി അഭിനയിക്കാന്‍ ഇല്ലാത്ത സീനുകളില്‍ ആണ് അത് കൂടുതല്‍ കാണുക,’ അനൂപ് സത്യന്‍ പറയുന്നു.

നാടോടിക്കാറ്റിലെയും സന്മനസ്സിലെയും ഒക്കെ പല സീനുകളിലും ഈ ഒരു കംഫര്‍ട്ട് മോഹന്‍ലാലില്‍ കാണാന്‍ സാധിക്കുമെന്നും നാടോടിക്കാറ്റില്‍ ‘സത്യത്തില്‍ തീര്‍ന്നു പോയത് മണ്ണെണ്ണയല്ല. അരിയാണ്’ എന്ന് പറഞ്ഞു മീനയെ നോക്കുന്ന ചമ്മിയ നോട്ടം അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്ക് ഏറ്റവും അടുപ്പമുള്ളവരുടെ മുന്നില്‍ നമ്മള്‍ നമ്മളായി തന്നെ പെരുമാറും എന്നത് സത്യം ആണെന്നും ഹൃദയപൂര്‍വ്വത്തില്‍ ജോലി ചെയ്തപ്പോള്‍ താന്‍ അത് നേരിട്ട് കണ്ടെന്നും പറഞ്ഞ അദ്ദേഹം, ഈ രണ്ട് പേരുടെയും അടുപ്പം ഓരോ ഷോട്ടിലും ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എഡിറ്റ് സമയത്ത് ക്ലാപ് ബോര്‍ഡ് മാറുന്നതിന് മുമ്പുള്ള മോഹന്‍ലാനെ നോക്കുമ്പോള്‍ അത് മനസിലാകുമെന്നും കളിക്കാന്‍ വിളിക്കുമ്പോള്‍ ‘റെഡി’ എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് അപ്പോള്‍ മോഹന്‍ലാലിനെന്നും അനൂപ് പറയുന്നു.

ആക്ഷന്‍ പറയുന്നതിനു തൊട്ട് മുമ്പ് വരെയുള്ള മോഹന്‍ലാലിന്റെ ഈ കുട്ടിക്കളികള്‍ പിന്നീട് റിലീസ് ചെയ്യാന്‍ ആയി താന്‍ മാറ്റി വെച്ചിട്ടുണ്ടെന്നും അനൂപ് സത്യന്‍ പറയുന്നു.

‘ഒരു താരത്തെ പറഞ്ഞ സമയത്ത് സെറ്റില്‍ എത്തിക്കുക എന്നത് പുതിയ തലമുറയിലെ പല സിനിമാപ്രവര്‍ത്തകരും നേരിടേണ്ടി വരുന്ന ഒരു ചാലഞ്ച് ആണ്. ഇവിടെ ആണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം സ്‌കോര്‍ ചെയ്യുന്നത്. ഒരു പത്ത് മിനിറ്റ് ലേറ്റ് ആകാന്‍ ചാന്‍സ് ഉണ്ടെന്ന് തോന്നിയാല്‍ ലാല്‍ സാറിന്റെ നമ്പറില്‍ നിന്നെനിക്ക് കോള്‍ വരും. സ്‌കൂളില്‍ നുണ പറയാത്ത ഒരു കുട്ടി ടീച്ചറോട് എക്‌സ്‌ക്യൂസ് പറയുന്ന പോലെയുള്ള കാരണങ്ങളാകും അത്. കൂടുതലും കൊച്ചിയിലെ ട്രാഫിക് ആകും കാരണം. ‘മോനേ മുന്നില് ഒരു കണ്ടെയ്നര്‍ ലോറി റിവേഴ്‌സ് എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പത്ത് മിനുട്ട് വൈകും. ഈ സ്‌കൂട്ടറുകാരന്‍ ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല’ എന്നൊക്കെ പറയും,’ അനൂപ് സത്യന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ വാരാന്തപ്പതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Anoop Sathyan Talking about Mohanlal

We use cookies to give you the best possible experience. Learn more