പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുകയാണ് സത്യന്‍ ലാല്‍ കോമ്പോയില്‍ തിയേറ്ററുകളില്‍ എത്തിയ ‘ഹൃദയപൂര്‍വ്വ‘ത്തെ.
ഇപ്പോള്‍ സിനിമയിലെ നിര്‍ണായകമായ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് സഹസംവിധായകനും സത്യന്‍ അന്തിക്കാടിന്റെ മകനുമായ അനൂപ് സത്യന്‍. ഹൃദയപൂര്‍വ്വത്തില്‍ നിര്‍ണായകമായ ഒരു സീനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
‘ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍ മരിക്കുന്നതിനു മുമ്പ് കൊടുത്ത ഒരു ഇന്റര്‍വ്യൂ കണ്ട ഓര്‍മയില്‍ ഞാന്‍ എഴുതിയ സീനാണത്. തീരെ കട്ടുകളിലാതെയാണ് അച്ഛന്‍ അത് ഷൂട്ട് ചെയ്തത്. സാധാരണയായി ഒരു ഷോട്ട് കഴിഞ്ഞാല്‍ ഉടനെ ഉണ്ടാകുന്ന ഒരു അനക്കം ആ ഷോട്ട് കഴിഞ്ഞപ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്നില്ല. ക്യാമറാമാന്‍ അനു മൂത്തേടത്ത് ക്യാമറയ്ക്കു പുറകില്‍ നിന്നും കണ്ണ് നിറഞ്ഞു വരുന്നത് എനിക്കോര്‍മ ഉണ്ട്,’അനൂപ് സത്യന്‍ പറയുന്നു.
ഇന്നലെ തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ ആ സീന്‍ കഴിഞ്ഞ ഉടനെ കയ്യടികള്‍ ഉയര്‍ന്നിരുന്നുവെന്നും ആ സീന്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് തൊട്ടടുത്ത്‌നിന്ന് കാണാനും, കേള്‍ക്കാനും പറ്റി എന്നതാണ് ഈ സിനിമയില്‍ നിന്നും തനിക്കു കിട്ടിയ ഏറ്റവും വലിയ പ്രതിഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി മോഹന്‍ലാലുമായി സംസാരിക്കുന്നത്. അച്ഛനുമായി എന്തോ വഴക്കിട്ട്, ഈ വീട്ടില്‍ ഒത്തുപോകാന്‍ പറ്റില്ലെന്ന് മനസിലാക്കി ഞാന്‍ മോഹന്‍ലാലിന്‍ വീട്ടിലേക്കു താമസം മാറാന്‍ തീരുമാനിച്ച ദിവസം ആണ്. പെട്ടെന്ന് അച്ഛന്‍ ഫോണ്‍ ഡയല്‍ ചെയ്ത് എനിക്ക് തന്നു. അപ്പുറത്ത് മോഹന്‍ലാല്‍ ”എന്താ മോനെ” എന്നോ മറ്റോ ആവും ചോദിച്ചത്. ഒന്നും പറയാന്‍ ആകാതെ ഞാന്‍ അന്ന് ഷോക്കടിച്ചു നിന്നിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് സാര്‍ ഇങ്ങനെ വിളിക്കുമ്പോള്‍ ഞാനിതോര്‍ക്കും,’ അനൂപ് സത്യന്‍ പറഞ്ഞു.
Content Highlight: Anoop Sathyan about a crucial scene in the film hridayapoorvam that inspired from irrfan khan’s interview