| Monday, 7th July 2025, 1:50 pm

വിക്രം, മാധവന്‍, അജിത്ത്... തിരക്കഥയിലേക്ക് ഇവരെയൊക്കെ ആലോചിച്ചിരുന്നു; എന്നാലത് നടന്നില്ല: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജയചന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറും മാളവിക എന്ന നടിയും തമ്മിലുള്ള പ്രണയം പറഞ്ഞ സിനിമയാണ് തിരക്കഥ. 2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത് ആയിരുന്നു. അജയചന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറായി എത്തിയത് അനൂപ് മേനോനാണ്.

മാളവികയായി പ്രിയാമണി അഭിനയിച്ചപ്പോള്‍ പൃഥ്വിരാജ് സുകുമാരന്‍ ചെയ്തത് അക്ബര്‍ അഹമ്മദ് എന്ന സംവിധായകന്റെ റോളായിരുന്നു. സിനിമയിലെ മൂവരുടെയും അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

അതേസമയം പല കാലഘട്ടങ്ങളുള്ളത് കൊണ്ട് അനൂപ് മേനോന്‍ ചെയ്ത കഥാപാത്രത്തിലേക്ക് തമിഴില്‍ നിന്ന് വിക്രത്തെ ആലോചിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവെന്ന റൂമറുകള്‍ വന്നിരുന്നു. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍.

‘അത് ശരിയായിരുന്നു. എന്നാല്‍ ഞാനും ജ്യോതിര്‍മയിയും ചേര്‍ന്ന് ചെയ്യേണ്ട ഷോര്‍ട്ട് ഫിലിമായിരുന്നു അത്. അങ്ങനെയായിരുന്നു തുടക്കത്തില്‍ അത് പറഞ്ഞിരുന്നത്. പിന്നീട് ഇത് സിനിമ ആക്കിക്കൂടേയെന്ന ചോദ്യം വരികയായിരുന്നു.

പക്ഷെ സിനിമയില്‍ ഞാന്‍ എന്ന വ്യക്തിക്ക് അധികം സ്ഥാനമില്ല. എന്നെ നായകനാക്കി എന്തായാലും പടമൊന്നും ചെയ്യാനാവില്ല. അതിനിടയില്‍ പൃഥ്വിരാജും പ്രിയാമണിയും ആ സിനിമയിലേക്ക് എത്തുകയായിരുന്നു.

ഞാന്‍ അതില്‍ പൃഥ്വി ചെയ്ത അക്ബര്‍ അഹമ്മദ് എന്ന സംവിധായകന്റെ റോളായിരുന്നു ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ഞങ്ങള്‍ സിനിമക്ക് വേണ്ടിയുള്ള തിരക്കഥ എഴുതാന്‍ തുടങ്ങി. രഞ്ജിത്തേട്ടന്‍ എനിക്ക് കഥ പറഞ്ഞു തരുമ്പോള്‍ ഞാന്‍ അത് എഴുതി.

അതിന്റെ ഇടയിലാണ് പൃഥ്വി വിളിക്കുന്നത്. അവന് തമിഴില്‍ നിന്ന് രാവണ്‍ എന്ന പേരില്‍ ഒരു പടം വന്നിട്ടുണ്ടെന്ന് പറഞ്ഞു. മണിരത്‌നത്തിന്റെ സിനിമയായിരുന്നു അത്. ആ സിനിമക്ക് വേണ്ടി കുറേ ദിവസത്തെ ഡേറ്റ് കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു.

അതോടെ എല്ലാവരും പൃഥ്വിരാജിന് പകരം ആരെ കൊണ്ടുവരാമെന്ന ചിന്തയിലായി. അതിലേക്ക് തമിഴില്‍ നിന്നും മാധവന്‍, അജിത്ത് തുടങ്ങിയ ആളുകളെ ആലോചിച്ചു. പക്ഷെ അവര്‍ക്കൊന്നും ഡേറ്റ് ഉണ്ടായിരുന്നില്ല.

മലയാളത്തില്‍ നിന്നും ആളുകളെ നോക്കിയിരുന്നു. എന്നാല്‍ അതൊന്നും വര്‍ക്കായില്ല. അത് അത്ര എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രം ആയിരുന്നില്ലല്ലോ. 26 വയസ് മുതല്‍ 55 വയസ് വരെയുള്ള ഭാഗങ്ങള്‍ കാണിക്കേണ്ട കഥാപാത്രമാണല്ലോ.

അന്ന് ഒരു വലിയ മഴയത്ത് ഷഹബാസ് അമനിനെ വീട്ടില്‍ കൊണ്ടുവിടാന്‍ വേണ്ടി കാറോടിച്ച് പോകുകയാണ് ഞാന്‍. എന്റെ കാറിലാണ് പോയത്. പപ്പേട്ടന്‍ (പത്മകുമാര്‍) കാറിന്റെ മുന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു.

പിന്നില്‍ ഷഹബാസും രഞ്ജിയേട്ടനും ഇരിക്കുന്നുണ്ട്. പപ്പേട്ടന്‍ ആ സമയത്ത് മലയാളത്തിലെ ഏതോ നടനെ വിളിച്ച് സംസാരിക്കുകയായിരുന്നു. ‘രഞ്ജി അയാള്‍ നടക്കില്ല കേട്ടോ’ എന്നും പറഞ്ഞ് പപ്പേട്ടന്‍ അയാള്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു.

പകരം മറ്റൊരു നടന്റെ പേരും അദ്ദേഹം പറഞ്ഞു. ആ സമയത്താണ് രഞ്ജിയേട്ടന്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്ന് ആ കാര്യം പറയുന്നത്. ‘അജയചന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന ആളാണ് ഇപ്പോള്‍ ഈ വണ്ടി ഓടിക്കുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്,’ അനൂപ് മേനോന്‍ പറയുന്നു.


Content Highlight: Anoop Menon Talks About Thirakkatha Movie Casting

We use cookies to give you the best possible experience. Learn more