| Monday, 7th July 2025, 8:57 am

അന്ന് ഞാനും പൃഥ്വിയും കാരവാനില്‍ ഇരുന്ന് സ്ഥിരമായി കേള്‍ക്കുന്നത് ആ രണ്ട് നടന്മാരുടെ കഥകളാണ്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അനൂപ് മേനോന്‍. മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നീ രണ്ട് പരമ്പരകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. പിന്നീട് കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ മലയാളത്തില്‍ ശ്രദ്ധേയമായ ഒരു തിരിച്ചു വരവ് നടത്തുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡുകള്‍ ലഭിച്ചു.

പകല്‍ നക്ഷത്രങ്ങള്‍ (2008), കോക്ക്‌ടെയില്‍ (2010), ബ്യൂട്ടിഫുള്‍ (2011), ട്രിവാന്‍ഡ്രം ലോഡ്ജ് (2012), ഹോട്ടല്‍ കാലിഫോര്‍ണിയ (2013) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അനൂപ് മേനോന്‍ ആയിരുന്നു.

2016ല്‍ ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന സിനിമയിലും അദ്ദേഹം ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരനും ഒപ്പം അഭിനയിച്ചിരുന്നു. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പാവാട സിനിമക്ക് ഇടയിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് അനൂപ് മേനോന്‍.

‘ഞാന്‍ എവിടെയാണെങ്കിലും എനിക്ക് ആളുകളുടെ കഥ കേള്‍ക്കാന്‍ ഇഷ്ടമാണ്. പാവാട സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ നടന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ ഞാനും പൃഥ്വിയും കൂടി സ്ഥിരമായി എന്റെ കാരവാനില്‍ പോയി ഇരിക്കും.

അപ്പോള്‍ വേണു ചേട്ടനും (നെടുമുടി വേണു) മണിയന്‍പിള്ള രാജുവേട്ടനും അവിടേക്ക് വരും. ഞങ്ങള്‍ക്ക് ചിലപ്പോഴൊക്കെ ഏഴ് മണിക്കാകും ഷൂട്ട് കഴിഞ്ഞിട്ടുണ്ടാകുക. എന്നാല്‍ പത്ത് മണിയോ പതിനൊന്ന് മണിയോ ആയാലും ഞങ്ങള്‍ അവിടെ തന്നെ ഇരിക്കും.

അവരുടെ പണ്ടത്തെ കഥകള്‍ കേട്ട് കാരവാനില്‍ തന്നെ ഇരിക്കാറാണ് പതിവ്. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലെ കഥകളാണ് അപ്പോള്‍ ഞങ്ങള്‍ കേള്‍ക്കുന്നത്,’ അനൂപ് മേനോന്‍ പറയുന്നു.


Content Highlight: Anoop Menon Talks About Prithviraj Sukumaran And Paavada Movie

We use cookies to give you the best possible experience. Learn more