മലയാള സിനിമയിലെ പ്രമുഖ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് മേനോൻ. പകൽ നക്ഷത്രങ്ങൾ, കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കുകയും അവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സ്വപ്നം, മേഘം എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഇപ്പോഴിതാ മൂവി വേൾഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സീരിയൽ അഭിനയകാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് അനൂപ് മേനോൻ.
ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സമയത്ത്, അന്നത്തെ സ്ഥിരം ശൈലികളിൽ നിന്നും വ്യത്യസ്തമായി പ്രഗത്ഭരായ സംവിധായകരുടെ മികച്ച കഥാപാത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് സാധിച്ചുവെന്ന് അനൂപ് മേനോൻ പറയുന്നു. അതിനുശേഷം പരമ്പരകൾ ചെയ്യുന്നത് നിർത്തി സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് ഈ നിലയിലേക്ക് എത്താൻ സാധിച്ചതെന്നും താരം വ്യക്തമാക്കി.
അനൂപ് മേനോൻ. Photo. Screen grab/ Youtube
‘എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് എനിക്ക് ലഭിച്ച സീരിയലുകൾ ഒന്നും തന്നെ അന്നത്തെ സ്ഥിരം പാറ്റേണിലുള്ളവ ആയിരുന്നില്ല. ഉദാഹരണത്തിന് അമ്മായിയമ്മ മരുമകളെ പീഡിപ്പിക്കുമ്പോൾ കാഴ്ചക്കാരനായി അപ്പുറത്ത് നിൽക്കുന്ന ഭർത്താവ് അങ്ങനത്തെ കഥാപാത്രങ്ങളൊന്നും ഭാഗ്യത്തിന് എനിക്ക് കിട്ടിയിരുന്നില്ല. പകരം അന്നത്തെ പ്രഗത്ഭരായ കെ.കെ. രാജീവ്, സജി സുരേന്ദ്രൻ, ഡോക്ടർ ജനാർദ്ദനൻ, മോഹൻ കുപ്ലേരി തുടങ്ങിയ സംവിധായകരുടെ നാല് മികച്ച സീരിയലുകൾ മാത്രമാണ് ഞാൻ ചെയ്തത്.
അതിൽ മുഹൂർത്തം എന്ന പരമ്പരയിലെ ലോറിക്കാരൻ നോബിൾ, മേഘം എന്ന സീരിയലിലെ ഡോക്ടർ കഥാപാത്രം എന്നിവ വളരെ വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരുന്നു. അതിനുശേഷമാണ് കുപ്ലേരിയുടെ സ്വരം എന്ന സീരിയൽ ചെയ്യുന്നത്. അത്രയും സീരിയലുകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഒരുപക്ഷേ ആ സമയത്ത് തുടർച്ചയായി സീരിയലുകൾ വന്നിരുന്നെങ്കിൽ സിനിമ എന്നത് എനിക്ക് അപ്രാപ്യമായ ഒന്നായി മാറുമായിരുന്നു. സ്വരം പരമ്പരയ്ക്ക് ശേഷമാണ് ഞാൻ സീരിയലുകൾ ചെയ്യുന്നത് നിർത്തി സിനിമയിലേക്കുള്ള ശ്രമങ്ങൾ തുടങ്ങുന്നത്.
സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി താൻ ഒരിക്കലും ആളുകളെ സമീപിക്കുന്നതിന് പകരം എല്ലാം വളരെ യാദൃശ്ചികമായി വന്നുചേർന്നതാണ്. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് തന്റെ ഭാഗത്തുനിന്നുള്ള യഥാർത്ഥ അധ്വാനങ്ങളും ശ്രമങ്ങളും നൽകാൻ തുടങ്ങിയത് എന്ന് താരം പറയുന്നു.
‘സിനിമയ്ക്ക് വേണ്ടി തുടക്കത്തിൽ ഞാൻ വലിയ രീതിയിലുള്ള അധ്വാനങ്ങളൊന്നും നടത്തിയിട്ടില്ല. അവസരങ്ങൾക്ക് വേണ്ടി സംവിധായകരെ പോയി കാണാനോ മറ്റോ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ഈ യാത്രയിൽ എനിക്ക് ആരോടും ഒരു പരാതിയുമില്ല. കാരണം, വലിയ രീതിയിലുള്ള ശ്രമങ്ങളൊന്നുമില്ലാതെ തന്നെ യൂണിവേഴ്‌സ് ഇതെല്ലം എനിക്ക് കൊണ്ടു തരുകയായിരുന്നു.
എന്നാൽ സിനിമ മേഖലയിലെത്തിക്കഴിഞ്ഞ ശേഷം ഒരുപാട് അധ്വാനം ആവശ്യമാണ്. 2010-ന് ശേഷം ഞാൻ ഏകദേശം നൂറോളം സിനിമകളിൽ അഭിനയിച്ചു, പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥയെഴുതി. അപ്പോൾ ആ ഒരു അധ്വാനമുണ്ട്. ഒരുപക്ഷേ അതൊക്കെ എല്ലാവരും ചെയ്യുന്ന ഒന്നാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം,’ അനൂപ് മേനോൻ പറഞ്ഞു.
സ്വരം പരമ്പര. അനൂപ് മേനോൻ. Photo. Screen grab/Youtube