| Saturday, 10th October 2026, 2:10 pm

പൃഥ്വിരാജ് പിന്മാറിയതോടെയാണ് തിരക്കഥയിൽ നായകനായത്, അജിത്തിനെയും വിക്രമിനെയും മാധവനെയും പരിഗണിച്ചിരുന്നു; അനൂപ് മേനോൻ

അജ്മല്‍ കെ

രഞ്ജിത്ത് സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് തിരക്കഥ. അനൂപ് മേനോൻ, പൃഥ്വിരാജ്, പ്രിയാമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിൽ അജയ് ചന്ദ്രൻ എന്ന നായക കഥാപാത്രത്തിലേക്ക് അനൂപ് മേനോൻ എത്തിയതിനു പിന്നിലെ രസകരമായ കഥ പറയുകയാണ് നടൻ അനൂപ് മേനോൻ. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന കാലത്താണ് ഇതിലേക്ക് എത്തുന്നതെന്നും നടൻ വ്യക്തമാക്കി .

സിനിമയിൽ എത്തി കുറച്ചുകാലം കഴിഞ്ഞാണ് രഞ്ജിത്തുമായി പരിചയത്തിലാകുന്നത്. റോക്ക് ആൻഡ് റോൾ, കയ്യൊപ്പ് തുടങ്ങിയ രഞ്ജിത്ത് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ഒരു ഷോർട്ട് ഫിലിമിൽ നിന്നാണ് തിരക്കഥ എന്ന മൂവിയിലേക്ക് എത്തിയതെന്നും നടൻ പറഞ്ഞു.

അനൂപ് മേനോൻ.Photo. Screen Grab/ Youtube

‘രഞ്ജിയേട്ടൻ ഒരു ദിവസം വിളിച്ച് കഥ പറഞ്ഞു. നമുക്ക് ഒരു ഷോർട്ട് ഫിലിം ചെയ്യാമെന്നും നീയും ജ്യോതിർമയിയും അതിലുണ്ടാകുമെന്നും പറഞ്ഞു. ഭയങ്കര ബ്യൂട്ടിഫുൾ ആയിട്ടുള്ള കഥയായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് ചെയ്യാമെന്ന് കരുതിയിരിക്കുമ്പോഴാണ് സുബൈർ കഥ എഴുതുന്ന സമയത്ത് ചോദിച്ചത്, ‘എന്തിനാ രഞ്ജിയേട്ടാ ഇത് ഷോർട്ട് ഫിലിം ആകുന്നത്? ഇതൊരു സിനിമയ്ക്കുള്ളതല്ലേ’ എന്ന്. അന്ന് ഞാൻ സിനിമയിലെ നായക കഥാപാത്രങ്ങൾ ചെയ്യുന്ന നടനൊന്നുമായിരുന്നില്ല. ഒരു സീരിയൽ ആക്ടറും സൈഡ് ആക്ടറുമായിരുന്നു,’ അനൂപ് മേനോൻ പറഞ്ഞു.

കഥ സിനിമയായപ്പോൾ പൃഥ്വിരാജ് അജയ് ചന്ദ്രനായും പ്രിയാമണി മാളവികയായും അനൂപ് മേനോൻ അക്ബറായും എത്താനായിരുന്നു തീരുമാനം. എന്നാൽ പൃഥ്വിരാജിന് മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ സിനിമക്കായി വേണ്ടത്ര ദിവസങ്ങൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. അക്ബർ എന്ന കഥാപാത്രം ചെയ്യാൻ തയ്യാറാണെന്നും പൃഥ്വിരാജ് പറഞ്ഞെങ്കിലും അജയ് ചന്ദ്രനായി തന്നെ അപ്പോഴും പരിഗണിച്ചിരുന്നില്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

‘അന്ന് ഞാൻ സിനിമയിലെ നായകന്മാരുടെ കൂട്ടത്തിലൊന്നും പെടുന്ന ആളല്ല. ഒരു സീരിയൽ ആക്ടറും സൈഡ് ആക്ടറുമാണ്. അതുകൊണ്ടുതന്നെ അജയ് ചന്ദ്രനായി എന്നെ ആലോചിച്ചിരുന്നേയില്ല അന്ന്. അജിത്തിനെയും മാധവനെയും വിക്രമിനെയുമൊക്കെ പരിഗണിച്ചിരുന്നു. അങ്ങനെ പലരെയും നോക്കുന്ന സമയമായിരുന്നു,’ അനൂപ് മേനോൻ ഓർത്തെടുത്തു.

പിന്നീട് അജയ് ചന്ദ്രനായി അജിത്ത്, മാധവൻ, വിക്രം തുടങ്ങിയ താരങ്ങളെ പരിഗണിച്ചെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയില്ല. അങ്ങനെയിരിക്കെയാണ് ചിത്രം തന്നിലേക്ക് എത്തിയതെന്നും നടൻ പറഞ്ഞു.

തിരക്കഥ.Photo. IMDb

‘ഒരു ദിവസം ഞാനും ഷഹബാസ് അമനും രഞ്ജിയേട്ടനും അസോസിയേറ്റ് ഡയറക്ടർ പത്മകുമാറും കൂടി ഷഹബാസ് ഇക്കയെ വീട്ടിൽ കൊണ്ടാക്കാൻ പോവുകയായിരുന്നു. മഴയത്ത് ഞാൻ വണ്ടി ഓടിക്കുകയായിരുന്നു. വിക്രമിന് ഡേറ്റ് ഇല്ലെന്ന് വിളിച്ചുപറഞ്ഞപ്പോഴാണ് രഞ്ജിയേട്ടൻ പറയുന്നത്, ‘അജയ് ചന്ദ്രൻ എന്ന് പറയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആളാണ് ഈ കാർ ഓടിക്കുന്നത്’ എന്ന്. അങ്ങനെയാണ് ഞാൻ തിരക്കഥയിലേക്ക് എത്തുന്നത്,’ അനൂപ് മേനോൻ വ്യക്തമാക്കി.

Content Highlight:  Anoop Menon opens up about being considered for the lead role in ‘Thirakkatha’.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more