| Monday, 28th July 2025, 9:11 am

ബാബുരാജ് ബലാത്സംഗ കേസിലെ പ്രതി; 'അമ്മ'യിൽ വ്യാപക അഴിമതി നടത്തി: അനൂപ് ചന്ദ്രൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബാബുരാജിനെതിരെ ആഞ്ഞടിച്ച് നടൻ അനൂപ് ചന്ദ്രൻ. AMMA തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് മാറി നിൽക്കണമെന്നും അദ്ദേഹം മത്സരിക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും അനൂപ് ചന്ദ്രൻ. ആരോപണങ്ങൾക്ക് വിധേയരായവർ മാറി നിന്നെന്നും എന്നാൽ ബാബുരാജ് അമ്മയുടെ തലപ്പത്തേക്ക് മത്സരിക്കാൻ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം അമ്മയിൽ വ്യാപക അഴിമതി നടത്തിയെന്നും അനൂപ് ചന്ദ്രൻ വിമർശിച്ചു. ബലാത്സംഗ കേസിൽ മുൻ‌കൂർ ജാമ്യത്തിൽ നിൽക്കുന്ന പ്രതിയാണ് ബാബുരാജ് എന്നും അങ്ങനെയുള്ള ആളാണോ അമ്മയെന്ന ശ്രേഷ്ഠമായ സംഘടനയെ നയിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

നടിമാർക്കെതിരെയും അനൂപ് ചന്ദ്രൻ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അൻസിബയടക്കമുള്ള സ്ത്രീകൾ പ്രവർത്തിക്കുന്നത് ബാബുരാജിന്റെ സിൽബന്തിയായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുക്കു പരമേശ്വരൻ, ശ്വേതാ മേനോൻ, അനന്യ, സരയൂ തുടങ്ങിയവരെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് പറയുകയുണ്ടായി.

കഴിഞ്ഞ ദിവസമായിരുന്നു AMMAയിലെ നാമനിർദേശ പത്രിക സമർപ്പണം. മോഹൻലാൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് ഉൾപ്പെടെ ആറ് പേർ പത്രിക സമർപ്പിച്ചിരുന്നു. നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാബുരാജിനെതിരെ നടിമാരായ മാല പാർവതിയും മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. മോഹൻലാൽ രാജിവെച്ചത് ബാബുരാജ് സ്ഥാനത്ത് നിന്ന് ഒഴിയാത്തതിനാലാണെന്ന് മാല പാർവതി പറയുകയുണ്ടായി. സംഘടനയെ പ്രതിസ്ഥാനത്ത് നിർത്താതിരിക്കാൻ ബാബുരാജ് മാറിനിൽക്കേണ്ടതായിരുന്നുവെന്നും ബാബുരാജ് മത്സരിക്കുന്നതുകൊണ്ടുതന്നെ പലരും മാറിനിൽക്കുകയാണെന്നും നടി പറയുന്നു.

ആരോപണത്തിന് വിധേയനായപ്പോൾ തന്നെ ബാബുരാജ് വിശദീകരണം നൽകണമായിരുന്നുവെന്നും ആരോപണ വിധേയർ മാറി നിൽക്കണമെന്നായിരുന്നു സംഘടനയുടെ ആദ്യത്തെ തീരുമാനം എന്നും ഇപ്പോൾ എന്തുകൊണ്ടാണ് തീരുമാനം മാറിയതെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മോഹൻലാൽ രാജിവെച്ചത് എന്തുകൊണ്ടും നന്നായെന്നും അദ്ദേഹം എന്തിനാണ് അങ്ങനെ ഒരു കുരിശെടുത്ത് തലയിൽ വെച്ചതെന്ന് ആലോചിട്ടുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

Content Highlight: Anoop Chandran Criticize Baburaj

We use cookies to give you the best possible experience. Learn more