| Wednesday, 14th January 2026, 8:02 pm

സമ്പന്നർക്കും ദരിദ്രർക്കും ജീവിക്കണം, ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല; ഞെട്ടിച്ച് ഭാവനയുടെ അനോമി ടീസർ

നന്ദന എം.സി

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുന്ന വേളയിൽ, കരിയറിലെ മറ്റൊരു നിർണായക ഘട്ടമായി ‘അനോമി’ പ്രേക്ഷകരിലേക്ക് എത്തുന്നു. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവന, തന്റെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ സ്വന്തമായ ഇടം നേടിയ അഭിനേത്രിയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷാവതരണവുമായി ഭാവന എത്തുന്ന ‘അനോമി’ ജനുവരി 30ന് തിയേറ്ററുകളിലെത്തും.

അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ടും നിരവധി സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ‘അനോമി’ എന്നാണ് വിലയിരുത്തൽ.

ഭാവന, Photo: YouTube/ Screen grab

“The rich wants to live, the poor wants to live, nobody wants to die” എന്ന ശക്തമായ വാചകത്തോടെ ആരംഭിക്കുന്ന ടീസർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഭാവനയുടെയും റഹ്മാന്റെയും ഗംഭീര പ്രകടനങ്ങൾ ടീസറിൽ വ്യക്തമായി കാണാം.

ഭാവന അവതരിപ്പിക്കുന്ന ‘സാറാ ഫിലിപ്പ്’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീൽ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി മുൻപ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആ വീഡിയോ പുറത്തിറങ്ങിയത്. മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ് എന്നിവർക്കൊപ്പം സൂര്യ, ജ്യോതിക തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളും റീൽ പങ്കുവെച്ചിരുന്നു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നായിരുന്നു സൂര്യ ആശംസ അറിയിച്ചത്.

അനോമി, Photo: YouTube/ Screen grab

നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അനോമി’ ഒരു സാധാരണ കുറ്റാന്വേഷണ ചിത്രത്തെക്കാൾ, ക്രിയേറ്റീവായി അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറാണ്. വികാരപരമായി ഏറെ ആഴമുള്ള ഫോറൻസിക് അനലിസ്റ്റായ ‘സാറ’ എന്ന കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘അനോമി’യ്ക്കുണ്ട്.

മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ റഹ്മാൻ എത്തുന്നു. ‘ധ്രുവങ്ങൾ 16’ അടക്കമുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ അന്വേഷണ വേഷങ്ങൾക്ക് ശേഷം, മലയാളത്തിൽ വീണ്ടും ഒരു കരുത്തുറ്റ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്മാൻ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Content Highlight: Anomie movie Teaser out
നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more