| Tuesday, 8th April 2025, 1:24 pm

സംഭവം ഇറുക്ക്; ഇത്തവണ അല്ലു അമാനുഷികന്‍? ടീമില്‍ അവതാറിന്റെ മുതല്‍ ഇന്‍ഫിനിറ്റി വാറിന്റെ വരെ അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുഷ്പ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രം ആരോടൊപ്പമാകുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. പല സംവിധായകരുടെ പേരുകള്‍ അല്ലുവിനൊപ്പം കേട്ടെങ്കിലും അറ്റ്‌ലീയുമായി ഒന്നിക്കുന്നു എന്ന റൂമറിനായിരുന്നു ശക്തി കൂടുതല്‍. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് അറ്റ്‌ലീ-അല്ലു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.

അല്ലു അര്‍ജുന്റെ 43ാം ജന്മദിനമായ ഇന്ന് (ചൊവ്വാഴ്ച) സണ്‍ പിച്ചേഴ്സാണ് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുന്നത്. സണ്‍ ടി.വിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലെ വീഡിയോ പങ്കുവെച്ചാണ് അണിയറപ്രവര്‍ത്തകര്‍ ആരാധകര്‍ കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അനൗണ്‍സ്മെന്റ് വീഡിയോയില്‍ അറ്റ്‌ലീയും അല്ലു അര്‍ജുനും സണ്‍ പിക്‌ച്ചേഴ്‌സിന്റെ ഓഫീസില്‍ നിന്ന് കലാനിധി മാരനെ കണ്ടതിന് ശേഷം അമേരിക്കയിലേക്ക് പോകുന്നതും തുടര്‍ന്ന് ഹോളിവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതും കാണാം. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, ഫന്റാസ്റ്റിക് 4 തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍ മുതല്‍ അക്വാമാന്റെയും, ട്രാന്‍സ്‌ഫോര്‍മേഴ്സ്: റൈസ് ഓഫ് ദി ബീസ്റ്റ്, സ്പൈഡര്‍മാന്‍: ഹോം കമിങ്, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, അയണ്‍ മാന്‍ 2 തുടങ്ങിയ സിനിമകളുടെ സാങ്കേതിക വിദഗ്ധരുമായി അറ്റ്‌ലീയും അല്ലുവും സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

‘ഞാന്‍ ഇതുവരെയും എവിടെയും വായിക്കാത്ത ഒന്നാണ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ്. ഞാന്‍ ക്രിയേറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതെല്ലാം ഇതിലൂടെ സാധിക്കും,’ എന്നാണ് ചിത്രത്തെ കുറിച്ച് ആര്‍ട്ട് ഡയറക്ടര്‍ മൈക്ക് അലിസാല്‍ഡ് പറയുന്നത്.

ജവാന്‍ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അര്‍ജുനോടൊപ്പമാണ്. 1000 കോടിയോളം രൂപയാണ് ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഇത്തവണയും ചിത്രത്തിന്റെ ബഡ്ജറ്റ് തന്നെയാണ് റൂമറുകളില്‍ നിറയുന്നത്. 600 കോടി ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ അമാനുഷികനായിട്ടാകും അല്ലു അര്‍ജുന്‍ എത്തുകയെന്നും പുനര്‍ജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അറ്റ്‌ലീ കഥ പറയുകയെന്നുമാണ് റിപ്പോര്‍ട്ട്.

Content Highlight: Announcement Video Of Allu Arjun’s New Movie Is Out

We use cookies to give you the best possible experience. Learn more