| Monday, 19th January 2026, 2:51 pm

'എമ്മിന്' മാത്രമല്ല 'എല്ലി'നും തിളക്കം കൂടും; ചത്താ പച്ച ടിക്കറ്റ് ബുക്കിങ്ങ് ഇന്ന് ആരംഭിക്കും

അശ്വിന്‍ രാജേന്ദ്രന്‍

വ്യത്യസ്തമായിട്ടെന്തുണ്ടെന്ന് തേടി നടക്കുന്ന സിനിമാ പ്രേമികള്‍ക്ക് വിരുന്നായാണ് ജനുവരി 22ന് അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച തിയേറ്ററുകളിലേക്കെത്തുന്നത്. മട്ടാഞ്ചേരി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ലോകപ്രസിദ്ധമായ ഡബ്ല്യൂ.ഡബ്ല്യൂ. ഇയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ആക്ഷന്‍ രാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ടിക്കറ്റ് ബുക്കിങ്ങ് ഇന്ന്(തിങ്കള്‍) ആരംഭിക്കും എന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഒരുപാട് സസ്‌പെന്‍സുകളും സൂചനകളുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

Photo: T series

‘ചത്താ പച്ചയുടെ ടിക്കറ്റ് ബുക്കിങ്ങ് ഇന്ന് തുടങ്ങും, പക്ഷേ ഇതിനോടകം തന്നെ വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ളൊരാള്‍ ഒരു ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു. വലിയൊരു വെളിപ്പെടുത്തല്‍ ഇന്ന് വൈകീട്ട് 5.30 ന് ഉണ്ടാവും’ എന്നാണ് ചത്താ പച്ചയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന അറിയിപ്പ് സൂചിപ്പിക്കുന്നത്.

എന്നാല്‍ സ്റ്റോറിയിലെ ചില ഫോണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അറിയിപ്പില്‍ സ്‌പെഷ്യല്‍ എന്നും റിവീല്‍ എന്നും എഴുതിയിടത്ത് ഇംഗ്ലീഷ് അക്ഷരം L മാത്രം ക്യപിറ്റല്‍ ആയിട്ടാണ് എഴുതിയത് എന്നതാണ് ആരാധകരുടെ കണ്ടെത്തല്‍. സാധാരണയായി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ സൂചിപ്പിക്കാനാണ് ക്യാപിറ്റല്‍ ലെറ്റര്‍ L നെ മലയാളം സിനിമ ഇന്‍ഡസ്ട്രി ഉപയോഗിക്കാറുള്ളത്.

നേരത്തേ ചിത്രത്തിലെ കാമിയോ റോളില്‍ സൂപ്പര്‍ താരം മമ്മൂട്ടി എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് മുഖം വെളിപ്പെടുത്താതെ പ്രത്യക്ഷപ്പെടുന്ന വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെ മോഹന്‍ലാലും ചിത്രവുമായി ബന്ധപ്പെട്ടെത്തുമ്പോള്‍ ചിത്രത്തിനുള്ള ഹൈപ്പ് ഇരട്ടിയാകുമെന്നതില്‍ സംശയമില്ല.

അദ്വൈത് നായരുടെ ആദ്യസംവിധാന സംരഭമായ ചത്താ പച്ചയില്‍ വിശാഖ് നായര്‍, റോഷന്‍ മാത്യൂ, അര്‍ജുന്‍ അശോകന്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രസിദ്ധ സംഗീതജ്ഞരായ ശങ്കര്‍-ഇഹ്സാന്‍-ലോയി കോംബോയാണ്.

Content Highlight: Announcement regarding the opening of ticket booking of chatha pacha movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more