| Friday, 19th December 2025, 10:40 pm

'ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്'; ഫെമിനിസ്റ്റ് പരാമര്‍ശത്തില്‍ ആനിയ്ക്കും നിഷ റാഫേലിനും രൂക്ഷവിമര്‍ശനം

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: ഫെമിനിസത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ നടി ആനി ഷാജി കൈലാസിനും ഡോ. നിഷ റാഫേലിനുമെതിരെ സോഷ്യല്‍ മീഡിയ. അമൃത ടി.വിയില്‍ ആനി അവതരിപ്പിക്കുന്ന ‘ആനീസ് കിച്ചന്‍’ എന്ന പരിപാടിയില്‍ നിഷ റാഫേല്‍ നടത്തിയ പരാമര്‍ശമാണ് വിമര്‍ശനം നേരിടുന്നത്.

നിഷ റാഫേലിനെ പിന്തുണച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളില്‍ ആനിയും വിമര്‍ശനത്തിന് വിധേയയാകുന്നുണ്ട്. ഇരുവരുടേതും സ്ത്രീ വിദ്വേഷകരുടേതിന് സമാനമായ പ്രസ്താവനയാണണെന്നാണ് വിമര്‍ശനം.

ആ ഫെമിനിസം എന്ന ടോപ്പിക്കിനോടെ എനിക്ക് താത്പര്യമില്ല. ഫെമിനിസ്റ്റുകള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ പറയുന്നത്? പുരുഷന്റെയും സ്ത്രീയുടെയും സമത്വത്തിന് വേണ്ടി വാദിക്കുന്ന ടീമല്ലേ ഫെമിനിസ്റ്റുകള്‍? പുരുഷനും സ്ത്രീയും എങ്ങനെയാണ് തുല്യരാകുന്നത്? ഒരു സ്ത്രീയുടെ കാലിബറല്ല ഒരു പുരുഷന്റേത്. രണ്ടും രണ്ടല്ലേ. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം പോലും അങ്ങനെയല്ലേ വന്നിരിക്കുന്നത്. അവര്‍ ഒരുമിച്ച് നിന്നാല്‍ എന്ത് രസമാണല്ലേ,’ എന്നാണ് നിഷ റാഫേല്‍ പറയുന്നത്.

സ്ത്രീയും പുരുഷനും ഒരിക്കലും തുല്യരാകില്ലെന്ന ഭാഗത്ത് നില്‍ക്കുന്ന ആളാണ് താനെന്നാണ് ആനിയുടെ പരാമര്‍ശം. ഒരു സ്ത്രീയ്ക്കും പുരുഷനാകാനും ഒരു പുരുഷനും സ്ത്രീയാകാനും കഴിയില്ലെന്നും ആനി പറയുന്നുണ്ട്.

എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ അവകാശങ്ങളും അവസരങ്ങളും ബഹുമാനവും വേണമെന്ന ആശയമാണ് ഫെമിനിസമെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ഗായത്രി മേനോന്‍ പ്രതികരിച്ചു. ഉണ്ണി വ്‌ലോഗ്‌സ് പോലുള്ള യൂട്യൂബ് ചാനലുകളും ഇരുവരെയും വിമര്‍ശിക്കുന്നുണ്ട്.

ആനിയ്ക്ക് ചേരുന്ന അതിഥിയെ ഇപ്പോഴാണ് കിട്ടിയതെന്നാണ് യൂട്യൂബിലെ കമന്റുകള്‍. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്, വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കുന്ന സ്ത്രീകള്‍, ഇരുവരും ആ അടുക്കളയില്‍ തന്നെ ഇരുന്നോട്ടെ, തിരിച്ചടിക്കാത്ത ഒരാളെ കിട്ടിയപ്പോള്‍ ആനിയ്ക്ക് സന്തോഷമായെന്ന് തോന്നുന്നു തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്.

Content Highlight: Annie and Nisha Raphael face severe criticism for feminist remarks

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more