ബുധനാഴ്ചയാണ് പുതിയ പഠനം. ആന്‍ഫ്രാങ്കിന്റെ അവസാനനാളുകളെക്കുറിച്ചും സഹോദരി മാര്‍ഗോട്ടിനെക്കുറിച്ചും പുതിയ വിവരം ലഭിച്ചിരിക്കുന്നത്. 1945 ഫെബ്രുവരിയിലാണ് ആന്‍ഫ്രാങ്കിന്റെ മരണം നടന്നതെന്നാണ് സംഘടന പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ചിലാണ് ആന്‍ഫ്രാങ്ക് മരണപ്പെട്ടത് എന്നായിരുന്നു ഇതുവരെയുള്ള വിവരം.
വടക്കന്‍ ജര്‍മനിയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യമ്പില്‍വെച്ച് ആന്‍ഫ്രാങ്കും ഇളയ സഹോദരിയും മാര്‍ച്ച് ഒന്നിനും 31 നും ഇടയിലാണ് കൊല്ലപ്പെട്ടതെന്നായിരുന്നു റെഡ് ക്രോസ് ആ സമയത്ത് പറഞ്ഞിരുന്നത്. പിന്നീട് ഡച്ച് അതികൃതര്‍ മാര്‍ച്ച് 31 ന് ആണെന്ന് അടയാളപ്പെടുത്തുകയായിരുന്നു.
1929 ല്‍ ആയിരുന്നു ആന്‍ഫ്രാങ്കിന്റെ ജനനം. 1933 ല്‍ ഹോളണ്ടിലേക്ക് കുടിയേറിയ കുടുംബം ജര്‍മന്‍ പട്ടാളം രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഒളിസങ്കേതത്തില്‍ അഭയം തേടി. 1944 ല്‍ നാസി പോലീസിന്റെ പരിശോധനയില്‍ പിടിക്കപ്പെടുകയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലാവുകയും ചെയ്തു. അവിടെവെച്ചായിരുന്നു ആന്‍ഫ്രാങ്ക് മരണപ്പെട്ടിരുന്നത്.
നാസിപ്പടയെ പേടിച്ച് കുടുബത്തോടൊപ്പം ഒളിവില്‍ കഴിയുമ്പോള്‍ ആന്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയും ലോകശ്രദ്ധ നേടുകയും ചെയ്തു. 1945 ജനുവരിയില്‍ ആന്‍ഫ്രാങ്കിനും സഹോദരിക്കും ടൈഫസിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞിരുന്നത്.
ടൈഫസ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ട് 12 ദിവസത്തിനുള്ളില്‍ രോഗികള്‍ ഭൂരിഭാഗം കേസുകളിലും മരണപ്പെട്ടിരുന്നെന്നും അതുകൊണ്ട് തന്നെ മാര്‍ച്ച് 31 വരെ ആന്‍ഫ്രാങ്ക് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും പുതിയ പഠനത്തില്‍ പറയുന്നു.