| Monday, 21st July 2025, 2:55 pm

ഒരു സിനിമയിലെങ്കിലും പാടണമെന്നായിരുന്നു ആഗ്രഹം, പിന്നെയാണ് ഡബ്ബിങ്ങിൽ വന്നത്: ആൻ ആമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ആൻ ആമി. കൂടെ സിനിമയിലെ ആരാരോ എന്ന പാട്ടിന് അവർക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ജോഷി സംവിധാനം ചെയ്ത ആൻ്റണി, പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയിലും കല്ല്യാണി പ്രിയദർശന് വേണ്ടി ഡബ്ബ് ചെയ്തു. ഇപ്പോൾ ഡബ്ബിങ്ങ് ചെയ്തതിൻ്റെ അനുഭവം പറയുകയാണ് ആൻ ആമി.

ഒരു സിനിമയിലെങ്കിലും പാടണമെന്നും ശബ്ദം കേൾക്കുക എന്നതുമായിരുന്നു തൻ്റെ വലിയ ആഗ്രഹമെന്നും അതിനിടയിലാണ് ഡബ്ബിങ് മോഹം മനസിലുദിച്ചതെന്നും ആൻ പറയുന്നു.

ഒരു സിനിമയിൽ ഡബ്ബ് ചെയ്യാൻ വേണ്ടി വോയ്‌സ് ടെസ്‌റ്റ് നടത്തിയെന്നും എന്നാൽ കഥാപാത്രത്തിന് യോജിക്കാത്തത് കൊണ്ട് കിട്ടിയില്ലെന്നും അവർ പറഞ്ഞു. പിന്നീടാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് കല്ല്യാണിക്ക് ഡബ്ബ് ചെയ്യാൻ വിളിച്ചതെന്നും അതുകഴിഞ്ഞ് ബ്രോ ഡാഡി, ആൻ്റണി എന്നീ ചിത്രങ്ങളിലും കല്ല്യാണിക്ക് വേണ്ടി ഡബ്ബ് ചെയ്തെന്നും ആൻ ആമി കൂട്ടിച്ചേർത്തു.

‘ഒരു സിനിമയിലെങ്കിലും പാടുക. എന്റെ ശബ്ദം കേൾക്കുക എന്നതായിരുന്നു വലിയ ആഗ്രഹം. അതിനിടെ എപ്പോഴോ ഡബ്ബിങ് മോഹം മനസിലുദിച്ചു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത‌ ‘കമല‘യ്ക്ക് വേണ്ടിയാണ് ആദ്യം വോയ്‌സ് ടെസ്‌റ്റ് നടത്തുന്നത്. പക്ഷെ, കിട്ടിയില്ല. ശബ്ദവും മോഡുലേഷനുമെല്ലാം നല്ലതാണെന്നും എന്നാൽ ആ കഥാപാത്രത്തിന് യോജിക്കാത്തതുകൊണ്ടാണ് തെരഞ്ഞെടുക്കാതിരുന്നതെന്നും രഞ്ജിത് ശങ്കർ പിന്നീട് പറഞ്ഞു.

അതിനിടെ ഫിലിം ഫെയർ സൗത്ത് അവാർഡ്‌സിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് സ്വീകരിക്കാൻ ചെന്നൈയിൽ പോയി. ‘കൂടെ‘യിലെ ആരാരോ എന്ന പാട്ടിനായിരുന്നു അവാർഡ്. അവാർഡ് സ്വീകരിച്ചതിൻ്റെ തൊട്ടടുത്ത ദിവസം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ ഹാരിസ് ഇക്ക വിളിച്ചു. ഡബ്ബ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഓക്കെ പറഞ്ഞപ്പോൾ അനൂപ് സത്യൻ വിളിക്കുമെന്നും പറഞ്ഞു. കുറച്ചുകഴി ഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു. ഓഡിഷനും ഉണ്ടായി. അതിൽ കല്ല്യാണിക്ക് വേണ്ടിയായിരുന്നു ഡബ്ബിങ്.

കല്യാണിക്കുവേണ്ടി ബ്രോ ഡാഡി, ആൻ്റണി എന്നീ ചിത്രങ്ങളിലും ഡബ്ബ് ചെയ്‌തു. പിന്നീട് മൃണാൾ ഠാക്കൂർ, റാഷി ഖന്ന, അടക്കമുള്ളവരുടെ ശബ്ദമായി. ഒടുവിൽ ഐഡന്റിറ്റിയിൽ തൃഷയ്ക്കും ഡബ്ബ് ചെയ്തു‌,’ ആൻ ആമി പറയുന്നു.

Content Highlight: Anne Amie Talking about Dubbing

We use cookies to give you the best possible experience. Learn more