| Thursday, 17th July 2025, 11:37 am

ഫോണില്‍ റെക്കോഡ് ചെയ്തയച്ച പാട്ട്; എന്നാല്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചു: ആന്‍ ആമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശബ്ദത്തിന് ഉടമയാണ് ആന്‍ ആമി. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് അവര്‍ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കൂടെ എന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനത്തിന് 2019ല്‍ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും ആന്‍ ആമി നേടി. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ‘തിങ്കള്‍ പൂവിന് ഇതളവള്‍’ എന്ന പാട്ടിന് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ സ്വന്തമാക്കി.

ഇപ്പോള്‍ ‘തിങ്കള്‍ പൂവിന് ഇതളവള്‍’ എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഗായിക. 2019ലായിരുന്നു പാട്ടിന്റെ കമ്പോസിങ്ങെന്നും 2021ല്‍ സംവിധായകന്‍ അഖില്‍ സത്യന്‍ വിളിച്ച് ആ പാട്ടൊന്ന് ഫോണില്‍ റെക്കോഡ് ചെയ്ത് അയക്കാമോയെന്ന് ചോദിച്ചെന്നും ആന്‍ ആമി പറയുന്നു. പാട്ട് അഖില്‍ സത്യനും സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറിനും ഇഷ്ടപ്പെട്ടെന്നും അങ്ങനെയാണ് ചിത്രത്തിന് വേണ്ടി ‘തിങ്കള്‍ പൂവിന് ഇതളവള്‍’ പാടുന്നതെന്നും ഗായിക പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു ആന്‍ ആമി.

‘2019ലായിരുന്നു പാട്ടിന്റെ കമ്പോസിങ്. സിനിമയുടെ ഷൂട്ടിങ്ങും ആ വര്‍ഷം തുടങ്ങി. പക്ഷേ കൊവിഡ് വന്നതോടെ മുടങ്ങി. പിന്നീട് 2021ല്‍ സിനിമയുടെ സംവിധായകന്‍ അഖില്‍ സത്യന്‍ എന്നെ വിളിച്ചു. ‘ഒരു പാട്ടുണ്ട്, ഫോണില്‍ റെക്കോഡ് ചെയ്തത് അയക്കാമോ?’ എന്ന് ചോദിച്ചു. അങ്ങനെ അയച്ചു. അഖിലിനും സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറിനും പാട്ട് ഇഷ്ടമായി.

ഒരുവര്‍ഷത്തിന് ശേഷം വീണ്ടും റെക്കോഡിങ്ങിനായി വിളിവന്നു. അപ്പോള്‍ എന്റെ ആരോഗ്യം അത്ര നല്ലതായിരുന്നില്ല. അതോടെ, ചെന്നൈയിലെ റെക്കോഡിങ് ഓഗസ്റ്റിലേക്ക് നീട്ടി. ഇത്തവണ മുംബൈയിലാക്കാന്‍ തീരുമാനിച്ചു. ആ സമയം ജസ്റ്റിനും അഖിലിനും വയ്യാതായി. അങ്ങനെ, വീണ്ടും മാറ്റി.

ഒടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് കൊച്ചിയില്‍വെച്ച് റെക്കോഡിങ് നടന്നു. വളരെ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു റെക്കോഡിങ്. സിറ്റുവേഷനിലെ ഇമോഷനുള്‍ക്കൊണ്ടാണ് ഏത് പാട്ടും പാടുക. ‘തിങ്കള്‍പ്പൂവ്’ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. യൂട്യൂബിലൊക്കെ നല്ല വ്യൂസ് വന്നു. ഇന്‍സ്റ്റഗ്രാമില്‍ ഈ പാട്ട് വെച്ച് റീലുകള്‍ ഷെയര്‍ ചെയ്യപ്പെട്ടു. കുറെ കവര്‍ വേര്‍ഷനുകളുമിറങ്ങി. എനിക്ക് അവാര്‍ഡും കിട്ടി,’ ആന്‍ ആമി പറയുന്നു.

Content Highlight: Anne Ami Talks About Thinkal Poovin Song

We use cookies to give you the best possible experience. Learn more