മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ‘അന്ന’ എന്ന സിനിമയ്ക്ക് പുതിയ തുടക്കം. ‘പുലിമുരുകൻ’ റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാകുന്ന വേളയിൽ, ‘അന്ന’യുടെ നിർമാണാവകാശം സ്വന്തമാക്കിയതായി പ്രഖ്യാപിച്ച് മലയാള സിനിമാ നിർമാതാവ് ടോമിച്ചൻ മുളകുപാടം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ചിത്രം വീണ്ടും വെള്ളിത്തിരയിലെത്തിക്കാനാണ് തീരുമാനം.
1990-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ചിത്രമാണ് ‘അന്ന’. വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെയാണ് ‘അന്ന’യും വീണ്ടും ചർച്ചയായത്. ഇതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള അന്വേഷണങ്ങളും ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.
അന്ന. Photo. Facebook.com
പഴയ സിനിമയുടെ കഥയും അതിനൊപ്പമുള്ള ഓർമകളും പുതിയ തലമുറയിലേക്ക് പുതിയ എഴുത്തുകാരിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് നിർമാണാവകാശം ഏറ്റെടുത്തതെന്ന് ടോമിച്ചൻ മുളകുപാടം കുറിച്ചു.
‘മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം. ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.’ ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിൽ കുറിച്ചു.
അന്ന. Photo. Facebook.com
1990-കളിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അന്ന’. എൻ. മോഹനന്റെ തിരക്കഥയിൽ ഒരുങ്ങാനിരുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും നായികാനായകന്മാരായി പരിഗണിച്ചിരുന്നു. സിനിമ ചിത്രീകരണം ആരംഭിക്കാതെ പോയെങ്കിലും ഔസേപ്പച്ചൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ 1995ൽ പുറത്തിറങ്ങിയിരുന്നു. അതിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും വലിയ ശ്രദ്ധ നേടുകയായിരുന്നു.
Content Highlight:’Anna’, which was left unfinished 30 years ago, returns to the silver screen.