| Tuesday, 30th June 2026, 12:08 pm

സിനിമയിലെ അനിശ്ചിതത്വം തിരിച്ചറിഞ്ഞപ്പോഴാണ് അച്ഛൻ എന്നെ പ്രൊട്ടക്ട് ചെയ്തതിന്റെ കാരണം മനസിലായത്: അന്ന ബെൻ

നന്ദന. ടി

മലയാള ചലച്ചിത്ര രംഗത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെങ്കിലും, സ്വന്തം കഴിവും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ടാണ് അന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

2019-ൽ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അന്ന, തുടർന്ന് ‘ഹെലൻ’, ‘കപ്പേള’, ‘നൈറ്റ് ഡ്രൈവ്’, ‘കോട്ടുക്കാളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ചു. ‘ഹെലൻ’ എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ‘കപ്പേള’യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയ താരം, മലയാളത്തിന് പുറമെ ദേശീയ-അന്തർദേശീയ തലത്തിലും ശ്രദ്ധ നേടിയ നടിയാണ്. സിനിമ ജീവിതത്തിനിടയിൽ അനുഭവപ്പെടുന്ന ഏകാന്തതയെക്കുറിച്ചും അതിനെ എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ചും പങ്കുവെക്കുകയാണ് അന്ന ബെൻ. പിങ്ക് ലുങ്കി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

അന്ന ബെൻ.photo.X

‘അച്ഛന് ഞാൻ സിനിമയിലേക്ക് വരുന്നതിൽ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ അച്ഛന് ഈ ജോലി ഇത്രയും ആത്മാർഥമായി ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ എനിക്കും എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു ചിന്തയായിരുന്നു . അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത് . പക്ഷേ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് അച്ഛൻ എന്തുകൊണ്ടാണ് എന്നെ പ്രൊട്ടക്ട് ചെയ്യാൻ ശ്രമിച്ചതെന്ന് മനസിലായത്. കാരണം ഇത് എല്ലാവർക്കും പറ്റുന്ന മേഖലയല്ല. ഒരു സിനിമ ഉണ്ടാകാൻ ഒരുപാട് കഷ്ടപ്പാടുകളുണ്ട്. അതുപോലെ സിനിമയിലെ അനിശ്ചിതത്വങ്ങളെ നേരിടാൻ നമ്മൾ തയ്യാറല്ലെങ്കിൽ അത് ശരിക്കും തളർത്തിക്കളയും.

എന്റെ സിനിമാജീവിതത്തിന്റെ തുടക്കത്തിൽ ‘കുമ്പളങ്ങി നൈറ്റ്സ്’ കഴിഞ്ഞ് ‘ഹെലൻ’ കിട്ടിയത് വലിയൊരു അനുഗ്രഹമായിരുന്നു. എങ്ങനെയാണ് ആ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്ത് എന്ന് എനിക്കറിയില്ല. കാരണം എന്റെ കരിയറിന്റെ തുടക്കം ആയിരുന്നു അന്ന്. പക്ഷേ ആ സിനിമ നന്നായി ചെയ്യാൻ സാധിച്ചു. പിന്നീട് ‘കപ്പേള’, ‘സാറാസ്’ തുടങ്ങിയ സിനിമകളും വന്നു. അതുവരെ കാര്യങ്ങളെല്ലാം നല്ല രീതിയിലായിരുന്നു. പിന്നീടാണ് കൊവിഡ് വന്നത്. ആ അനിശ്ചിതത്വം വന്നപ്പോഴാണ് കാര്യങ്ങൾ കൂടുതൽ മനസ്സിലാകാൻ തുടങ്ങിയത്.

ഫിലിം ഇൻഡസ്ട്രിയുടെ ഡൈനാമിക്സ് വളരെ പെട്ടെന്നാണ് മാറിക്കൊണ്ടിരിക്കുന്നത്. അവിടെ ഒരു ആക്ടർ എന്ന നിലയിൽ ഐസൊലേഷൻ അനുഭവപ്പെടും. എന്റെ അച്ഛന് ഒരുപക്ഷേ അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. പക്ഷേ എനിക്ക് അത് മനസിലായിട്ടുണ്ട്. സിനമയിൽ ഒരു ടെക്‌നിഷ്യൻ ആയി വർക്ക് ചെയുമ്പോൾ ഉള്ള ഒരു കമ്മ്യൂണിറ്റിയുടെ ഭാഗം അല്ല നമ്മൾ ഒരു അഭിനയതാവായി സെറ്റിൽ എത്തുമ്പോൾ. അതൊക്കെ ചിലപ്പോൾ വളരെ ഐസൊലേറ്റിങ്ങായി തോന്നും. ഇതൊക്കെ എനിക്ക് തുടക്കത്തിൽ വലിയ ബുദ്ധിമുട്ടായിരുന്നു.

പിന്നീട് ആ ക്രിയേറ്റീവ് സ്പേസിൽ നിന്ന് മാറി സ്വന്തം ജീവിതം കണ്ടെത്താൻ പഠിക്കണം. നമ്മുടെ താത്പര്യങ്ങളും വഴിയും എന്താണെന്ന് തിരിച്ചറിയണം. ആ ബാലൻസ് ഇല്ലെങ്കിൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും.

ഈ കാര്യങ്ങളെല്ലാം എനിക്ക് അച്ഛനിൽ നിന്നാണ് പഠിക്കാൻ കഴിഞ്ഞത്. അച്ഛന് സിനിമയോട് അത്രയും പാഷനുണ്ടെങ്കിലും ഒരു സിനിമ കഴിഞ്ഞാൽ വീട്ടിലെത്തി ഞങ്ങളോടൊപ്പം ഡിന്നർ കഴിക്കും, സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കും. ജീവിതത്തിൽ അത്തരമൊരു ബാലൻസ് വേണമെന്ന് ഞാൻ അച്ഛനിൽ നിന്നാണ് പഠിച്ചത്. സിനിമയിൽ എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. പക്ഷേ സിനിമയ്ക്ക് പുറത്തും സ്വന്തമായി ഒരു ജീവിതം ഉണ്ടാകണമെന്നത് വളരെ പ്രധാനമാണ്.

കാരണം ഒരു അഭിനേതാവ് സിനിമയിൽ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ ചുറ്റും ഒരുപാട് ‘യെസ്’ പറയുന്ന ആളുകൾ വരും. അപ്പോൾ നമ്മുടെ ചുറ്റും ഒരു ഗ്ലോസി ടിന്റ് രൂപപ്പെടും. നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്ന് പറയാനും പ്രോത്സാഹിപ്പിക്കാനും ഒരുപാട് ആളുകളുണ്ടാകും. അതാണ് ജീവിതമെന്ന് പോലും തോന്നിപ്പോകും. പക്ഷേ അതുമാത്രമല്ല ജീവിതം. ആ ബബിളിന് പുറത്ത് ഇറങ്ങി ജീവിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മെന്റൽ സ്റ്റെബിലിറ്റിക്കും വ്യക്തിപരമായ വളർച്ചയ്ക്കും അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,’ അന്ന ബെൻ പറഞ്ഞു.

അന്ന ബെൻ.photo.screen grab/youtube

Content Highlight: Anna Ben talks about the isolation of film industry and finding balance
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more