| Wednesday, 6th August 2025, 10:48 pm

'ഒപ്പിടാനുള്ള പേപ്പര്‍ പോലുമെടുക്കാന്‍ സമ്മതിച്ചില്ല'; പൂ ചോദിച്ച ദിഗ്വേഷ് രാഥിക്ക് പൂക്കാലം തന്നെ കൊടുത്തു

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി പ്രിമീയല്‍ ലീഗില്‍ സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ദല്‍ഹി വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അങ്കിത് കുമാറിന്റെ വെടിക്കെട്ടിലാണ് ലയണ്‍സ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിനിടെ നടന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്. ഐ.പി.എല്‍ 2025ല്‍ തന്റെ ഐക്കോണിക് സെലിബ്രേഷനിലലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ദിഗ്വേഷ് രാഥിയെ തല്ലിയൊതുക്കിയ അങ്കിത്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

മത്സരത്തിനിടെ രാഥി തന്റെ യൂഷ്വല്‍ സ്ലെഡ്ജിങ് പുറത്തെടുത്ത് മൈന്‍ഡ് ഗെയ്മുകളിലൂടെ ബാറ്ററുടെ മൊമെന്റം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതുക്കും മേലെയായിരുന്നു സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന അങ്കിത്തിന്റെ മറുപടി. മൈന്‍ഡ് ഗെയ്മിന് മൈന്‍ഡ് ഗെയിം കൊണ്ടും ശേഷം ബാറ്റുകൊണ്ടും അങ്കിത് മറുപടി നല്‍കി.

11ാം ഓവറില്‍ രാഥിയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സറിന് പറത്തിയാണ് അങ്കിത് കരുത്ത് കാട്ടിയത്. ആ ഓവറില്‍ പിറന്ന 16 റണ്‍സടക്കം മൂന്ന് ഓവറില്‍ രാഥി വിട്ടുകൊടുത്തത് 33 റണ്‍സാണ്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. രാഥിയുടെ നാലാം ഓവറിന് മുമ്പ് തന്നെ മത്സരം വിജയിപ്പിക്കുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. ക്യാപ്റ്റന്‍ ആയുഷ് ബദോണി (25 പന്തില്‍ 48), ഓപ്പണര്‍മാരായ കുന്‍വര്‍ ബിധുരി (27 പന്തില്‍ 42), സുമിത് മതുര്‍ (29 പന്തില്‍ 33) എന്നിവരുടെ കരുത്തിലാണ് സൂപ്പര്‍ സ്റ്റാര്‍സ് മികച്ച സ്‌കോറിലെത്തിയത്.

ലയണ്‍സിനായി അനിരുദ്ധ് ചൗധരി മൂന്ന് വിക്കറ്റുമായും മനന്‍ ഭരദ്വാജ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഹൃതിക് ഷോകീനും ഭഗവാന്‍ സിങ്ങുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

186 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന്റെ സിംഹഗര്‍ജനത്തിനാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് അങ്കിത് കുമാറും വിക്കറ്റ് കീപ്പര്‍ ക്രിഷ് യാദവും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

14ാം ഓവറിലെ അവസാന പന്തിലാണ് ക്രിഷ് യാദവിനെ മടക്കി സൂപ്പര്‍ സ്റ്റാര്‍സ് കൂട്ടുകെട്ട് പൊളിക്കുന്നത്. എന്നാല്‍ ഇതിനോടകം തന്നെ ഇവര്‍ സൂപ്പര്‍ സ്റ്റാര്‍സിനുമേല്‍ അധീശത്വം സ്ഥാപിച്ചിരുന്നു. 42 പന്തില്‍ 67 റണ്‍സുമായാണ് യാദവ് മടങ്ങിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അധികം വൈകാതെ അങ്കിത് കുമാറും മടങ്ങി. അര്‍ഹിച്ച സെഞ്ച്വറിക്ക് നാല് റണ്‍സകലെ അങ്കിത്തിനെ സുമിത് കുമാര്‍ ബെനിവാലാണ് പുറത്താക്കിയത്. 11 ഫോറും ആറ് സിക്‌സറും അടക്കം 208.70 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ നിതീഷ് റാണയും ആയുഷ് ദോലേജയും ഒട്ടും വിയര്‍ക്കാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Content Highlight: Ankith Kumar smashes back to back sixes against Digvesh Rathi in Delhi Premier League

We use cookies to give you the best possible experience. Learn more