വിജയ് ഹസാരെ ട്രോഫിയില്‍ മൂന്നാം മത്സരത്തില്‍ മധ്യപ്രദേശിനെ വരിഞ്ഞ് മുറുക്കി കേരള ടീം. മത്സരത്തില്‍ മധ്യപ്രദേശ് 214 റണ്‍സിന് പുറത്തായി. അങ്കിത് ശര്‍മയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുമ്പില്‍ എതിരാളികള്‍ 19 പന്തുകള്‍ ബാക്കി നില്‍ക്കെ മുട്ടുമടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 78 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മധ്യപ്രദേശിന്റെ അഞ്ച് താരങ്ങള്‍ തിരികെ നടന്നിരുന്നു. ക്യാപ്റ്റന്‍ വെങ്കടേഷ് അയ്യരടക്കമുള്ളവര്‍ വലിയ സ്‌കോര്‍ കണ്ടെത്താത്തതാണ് ടീമിന് വിനായത്. ഇതില്‍ നാല് വിക്കറ്റും അങ്കിത് ശര്‍മയാണ് നേടിയത്.
അഞ്ചാം വിക്കറ്റ് വീണതിന് പിന്നാലെ ഒന്നിച്ച ഹിമാന്‍ഷു മാന്ത്രി – സാറാന്‍ഷ് ജെയ്ന്‍ എന്നിവരുടെ കൂട്ടുകെട്ടാണ് മധ്യപ്രദേശിനെ നൂറ് കടത്തിയത്. എന്നാല്‍, സഖ്യത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. 24 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഈ ജോഡി പിരിഞ്ഞു.
ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഹിമാന്‍ഷു ക്രീസില്‍ പിടിച്ചു നിന്നു. ക്രീസിലെത്തിയ ഓരോരുത്തരെയും കൂട്ടുപിടിച്ച് താരം മധ്യപ്രദേശ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. ഒടുവില്‍ ടീമിനെ 200 റണ്‍സ് കടത്തിയാണ് താരം മടങ്ങിയത്. ഒമ്പതാമനായി മടങ്ങിയ താരത്തിന്റെ സമ്പാദ്യം 105 പന്തില്‍ 93 റണ്‍സായിരുന്നു.
ഹിമാന്‍ഷു പുറത്തായ സ്‌കോറിലേക്ക് നാല് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും പത്താം വിക്കറ്റും നഷ്ടമായി. അതോടെ മധ്യപ്രദേശിന് തങ്ങളുടെ പോരാട്ടം 214ല്‍ അവസാനിപ്പിക്കേണ്ടി വന്നു. ഹിമാന്‍ഷുവിനൊപ്പം ത്രിപുരേഷ് സിങ് 25 പന്തില്‍ 37 റണ്‍സും ഹര്‍ഷ് ഖവാലി 36 പന്തില്‍ 22 റണ്‍സും എടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.
കേരളത്തിനായി അങ്കിത് ശര്‍മ്മ നാല് വിക്കറ്റും ബാബ അപരാജിത് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഈഡന്‍ ആപ്പിള്‍ ടോമും നിധീഷ് എം.ഡിയും ഓരോ വിക്കറ്റും നേടി.
Content Highlight: Ankit Sharma and Baba Aparajith shine; Kerala knocks out Madhya Pradesh for 214 runs in Vijay Hazare Trophy