| Friday, 14th August 2026, 9:55 am

നാളെ നീ എല്ലാവർക്കും ഒരു ബാധ്യതയാകും, ഡിവോഴ്സ് എന്ന് പറയുമ്പോൾ കേൾക്കേണ്ടി വരുന്ന ഏറ്റവും മോശം വാക്കാണിത്: അഞ്ജു ജോസഫ്

നന്ദന. ടി

2009-ലെ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത പരിപാടിയിലെ മത്സരാർത്ഥിയായും പിന്നീട് 2011-ൽ പുറത്തിറങ്ങിയ ഡോക്ടർ ലവ് എന്ന സിനിമയിലെ ഗാനത്തിലൂടെ തന്റെ സംഗീത ജീവിതം ആരംഭിച്ച്‌ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ പിന്നണി ഗായികയാണ് അഞ്ജു ജോസഫ്. ശേഷം അലമാര, അവരുടെ രാവുകൾ, സി/ഓ സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലും അഞ്ജു ഗാനങ്ങൾ ആലപിച്ചു.

റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷം 2024-ൽ ആദിത്യ പരമേശ്വരനുമായുള്ള വിവാഹം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചുള്ളതന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് അഞ്ജു ജോസഫ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജു.

അഞ്ജു ജോസഫ്. Photo. Onmanorama

‘ഒരു വിവാഹബന്ധത്തിൽ നിന്നും ഡിവോഴ്സ് ആയ ആളുകൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഏതൊരു ബന്ധവും പോലെ തന്നെയാണ് വിവാഹവും. ഫ്രണ്ട്ഷിപ്പിൽ തന്നെ എത്രയോ സൗഹൃദങ്ങൾ നമുക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് അല്ലെങ്കിൽ പിരിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ലൈഫ് പാർട്ണറുടെ കാര്യം വരുമ്പോൾ അത് സൗഹൃദത്തേക്കാൾ കുറച്ചുകൂടി സീരിയസ് ആണെന്ന് മാത്രമേയുള്ളൂ,’ അഞ്ജു പറയുന്നു.

രണ്ടുപേർ തമ്മിൽ ഒരു ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ല എന്ന് മനസിലാക്കി ആ ബന്ധം അവസാനിപ്പിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും അഞ്ജു ചോദിക്കുന്നു.

‘ഒരു റിലേഷൻഷിപ്പിൽ ഗാർഹിക പീഡനങ്ങൾ അനുഭവിക്കേണ്ടി വരാം, നാർസിസിസ്റ്റിക് അബ്യൂസ് ഉണ്ടാവാം, അല്ലെങ്കിൽ പാർട്ണർക്ക് മറ്റൊരു ബന്ധമുണ്ടാവാം. ഇനി ഇതൊന്നുമല്ലെങ്കിൽ രണ്ടുപേർ തമ്മിൽ കോംപാറ്റിബിൾ അല്ലെങ്കിൽ ആ ബന്ധം മുന്നോട്ട് വർക്ക് ആവുന്നില്ല എന്നതാവാം കാരണം.

ചിലപ്പോൾ ഒരു പത്തോ അൻപതോ വർഷം ഒരുമിച്ച് ജീവിച്ചു കഴിയുമ്പോഴായിരിക്കും അത് തിരിച്ചറിയുന്നത്. ആ സമയത്ത് അവർ തമ്മിൽ പിരിയുന്നതിൽ എന്താണ് തെറ്റ്. എന്ന് വെച്ച് എല്ലാവരും ഓടിപ്പോയി ഡിവോഴ്സ് ചെയ്യണം എന്നല്ല ഞാൻ പറയുന്നത്,’ അഞ്ജു വ്യക്തമാക്കി.

തന്റെ ഡിവോഴ്സിന്റെ സമയത്ത് സ്വന്തമായി ജോലിയും വരുമാനവും ഉണ്ടായിട്ടുപോലും ഇനി എങ്ങനെ ജീവിക്കും എന്നാണ് ആളുകൾ ചോദിച്ചതെന്നും അഞ്ജു പങ്കുവെച്ചു. ഒരാൾ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ജീവിതം മുഴുവനായി അവസാനിക്കുന്നില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു.

‘എന്റെ കാര്യത്തിൽ മുൻപത്തെ ബന്ധത്തിൽ നിന്നും പിന്മാറാൻ വൈകിയതിന്റെ പ്രധാന കാരണം സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദമാണ്. നമ്മുടെ ഉള്ളിൽ ഒരു പേടിയുണ്ടാകുമല്ലോ, ഇത് കഴിഞ്ഞാൽ എന്താണ് സംഭവിക്കുക, നമ്മുടെ പേരെന്റ്സ് എന്തൊക്കെ ഫേസ് ചെയ്യേണ്ടി വരും എന്നൊക്കെ ഓർത്ത്.

ഡിവോഴ്സ് ചെയ്യുന്ന സമയത്ത് ഞാൻ സ്വന്തമായി സമ്പാദിക്കുന്ന, സാമ്പത്തികമായി വലിയ കുഴപ്പമില്ലാത്ത നിലയിലായിരുന്നു. എന്നിട്ടുപോലും എന്നോട് ചോദിച്ചിട്ടുണ്ട്, നീ ഇതിനുശേഷം എങ്ങനെയാണ് ജീവിക്കാൻ പോകുന്നത് എന്ന്.

അതിൽ തന്നെ ഏറ്റവും മോശമായ വാക്കാണ് നാളെ നീ എല്ലാവർക്കും ഒരു ബാധ്യതയാകും എന്നത്. ഇത് ഒരുപാടാളുകൾ കേൾക്കുന്ന ഒരു ചോദ്യമാണ്. ഒരാൾ കൂടെയില്ല എന്ന വ്യത്യാസം മാത്രമാണ് അവിടെയുണ്ടാകുന്നത്, അല്ലാതെ ആരുടെയും ജീവിതം അവിടെ അവസാനിക്കുന്നില്ല,’ അഞ്ജു കൂട്ടിച്ചേർത്തു.

അഞ്ജു ജോസഫ്. ആദിത്യ പരമേശ്വരൻ. Photo. Instagram

Content Highlight: Anju shares her views on divorse and societal perspection on that

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more