| Friday, 16th January 2026, 3:01 pm

ആ ഇതിഹാസത്തെ നേരിടണമെന്ന ആഗ്രഹം ഒരിക്കലും സാധിച്ചില്ല; തുറന്നുപറഞ്ഞ് സഞ്ജു

ആദര്‍ശ് എം.കെ.

നേരിടാനാഗ്രഹിച്ചിട്ടും അതിന് സാധിക്കാതെ പോയ ബൗളറെ കുറിച്ച് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇതിഹാസ താരം മുത്തയ്യ മുരളീധരനെ നേരിടണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അതിന് സാധിക്കാതെ പോയെന്നും സഞ്ജു പറഞ്ഞു.

മുമ്പ് വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ റാപിഡ് ഫയറിലാണ് സഞ്ജു മുത്തയ്യയെ കുറിച്ച് സംസാരിച്ചത്.

സഞ്ജു സാംസണ്‍

‘ഏറ്റവുമധികം നേരിടാനാഗ്രഹിച്ച, എന്നാല്‍ അതിന് സാധിക്കാതെ പോയ ബൗളര്‍ ആരാണ്,’ എന്നായിരുന്നു ചോദ്യം. ഇതിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘മുരളി സാര്‍’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

മുരളീധരനെ തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ എന്ന ചോദ്യത്തിന് ‘പ്രത്യേകിച്ച് അതിനെന്തെങ്കിലും കാരണം ആവശ്യമുണ്ടോ? ക്രിക്കറ്റില്‍ അദ്ദേഹം നേടിയെടുത്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാവുന്നതല്ലേ,’ എന്നായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ മറുപടി.

മുത്തയ്യ മുരളീധരന്‍

മുരളീധരനെ നേരിടാന്‍ സാധിച്ചില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരിക്കെ ഷെയ്ന്‍ വോണിനെ പല തവണ നെറ്റ്സില്‍ നേരിടാന്‍ ഭാഗ്യം ലഭിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ഷെയ്ന്‍ വോണിനെ നേരിടണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴായി അദ്ദേഹത്തെ നെറ്റ്സില്‍ നേരിടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും മുരളി സാറിനെതിരെ കളിക്കാന്‍ സാധിച്ചിട്ടില്ല,’ സഞ്ജു പറഞ്ഞു.

അഭിമുഖത്തില്‍ തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനെ കുറിച്ചും താരം സംസാരിച്ചിരുന്നു.

‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണ്? താങ്കള്‍ ഓപ്പണറായി കളത്തിലിറങ്ങിയിട്ടുണ്ട്, മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം കളിച്ചിട്ടുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണ്,’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിന് മറുപടിയായി ‘എത്രയും പെട്ടെന്ന് ക്രീസിലെത്തുന്നോ, അത്രയും നല്ലത്,’ എന്നാണ് സഞ്ജു മറുപടി നല്‍കിയത്.

അതേസമയം, ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി-20 ലോകകപ്പിന്റെ മുന്നൊരുക്കത്തിലാണ് സഞ്ജു സാംസണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണറും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കും. ഫെബ്രുവരി ഏഴിനാണ് ഇന്ത്യ ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.

എന്നാല്‍ ലോകകപ്പിന് മുമ്പ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സഞ്ജു കളിക്കും. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രാക്ടീസ് മാച്ചായും കര്‍ട്ടന്‍ റെയ്‌സറായുമാണ് ആരാധകര്‍ ഈ മത്സരത്തെ കാണുന്നത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പര

ആദ്യ മത്സരം – ജനുവരി 21 – നാഗ്പൂര്‍

രണ്ടാം മത്സരം – ജനുവരി 23 – റായ്പൂര്‍

മൂന്നാം മത്സരം – ജനുവരി 25 – ഗുവാഹത്തി

നാലാം മത്സരം – ജനുവരി 28 – വിശാഖപട്ടണം

അവസാന മത്സരം – ജനുവരി 31 – തിരുവനന്തപുരം

Content Highlight: Sanju Samson about facing Muttaiah Muralitharan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more