| Friday, 14th August 2026, 1:58 pm

അവസരങ്ങൾ‍ ചോദിക്കാത്തത് ഈഗോ കൊണ്ടല്ല, പേടിയായിട്ടാണ്: അഞ്ജു ജോസഫ്

നന്ദന. ടി

2009-ലെ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത പരിപാടിയിൽ മത്സരാർത്ഥിയായി എത്തുകയും പിന്നീട് 2011-ൽ പുറത്തിറങ്ങിയ ഡോക്ടർ ലവ് എന്ന സിനിമയിലെ ഗാനത്തിലൂടെ തന്റെ സംഗീത ജീവിതം ആരംഭിച്ച്‌ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ പിന്നണി ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അലമാര, അവരുടെ രാവുകൾ, സി/ഓ സൈറബാനു തുടങ്ങിയ ചിത്രങ്ങളിലും അഞ്ജു ഗാനങ്ങൾ ആലപിച്ചു.

ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ, സിനിമകളിൽ പാടാനുള്ള അവസരങ്ങൾ ചോദിക്കാൻ പോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഞ്ജു ജോസഫ്.

അഞ്ജു ജോസഫ്. Photo. Manoramaonline

സിനിമയിൽ പാടാനുള്ള അവസരങ്ങൾ ചോദിക്കാത്തത് ഈഗോ കൊണ്ടല്ലെന്നും, മറിച്ച് തനിക്ക് ലഭിച്ചേക്കാവുന്ന റിജക്ഷൻസ് താങ്ങാൻ പറ്റുമോ എന്ന പേടികൊണ്ടാണെന്നും അഞ്ജു തുറന്നുപറയുന്നു.

‘ഞാൻ ഇപ്പോൾ ആളുകളുടെ അടുത്ത് പാടാനുള്ള അവസരങ്ങൾ ചോദിക്കാറില്ല. അത് എന്റെ ഈഗോ കൊണ്ടല്ല, മറിച്ച് ആളുകളെ സമീപിക്കാനുള്ള പേടികൊണ്ടാണ്. കാരണം അവരെ സമീപിക്കുമ്പോൾ കിട്ടുന്ന റിജക്ഷനുകൾ താങ്ങാൻ പറ്റുമോ എന്ന് സംശയമാണ്. അത്തരത്തിലുള്ള ഒരുപാട് അവഗണനകൾ എനിക്ക് കിട്ടിയിട്ടുണ്ട്.

എന്റെ പാട്ടുകൾ കേട്ടിട്ടുള്ള ആളുകൾക്ക് അറിയാം, വിരലിലെണ്ണാവുന്ന പാട്ടുകൾ മാത്രമേ ഞാൻ സിനിമകളിൽ പാടിയിട്ടുള്ളൂ എന്ന്. ഒരുസമയത്ത് ഇത് എന്റെ മുന്നിൽ എപ്പോഴും ഉണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു,’ അഞ്ജു പറയുന്നു.

അവസരങ്ങൾക്കായി ആളുകളെ സമീപിച്ചപ്പോൾ തന്റെ ശബ്ദം കേൾക്കാൻ കൊള്ളില്ല എന്ന് അടക്കമുള്ള മറുപടികൾ ലഭിച്ചിട്ടുണ്ടെന്നും, അത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നുവെന്നും അഞ്ജു തുറന്നുപറഞ്ഞു.

‘എനിക്ക് ഇപ്പോഴും മറക്കാൻ പറ്റില്ല, ചിലർ എന്റെ വോയിസ് കേൾക്കാൻ കൊള്ളില്ല എന്ന് വരെ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ പാട്ടിന് എന്റെ ശബ്ദം മാച്ച് ആവില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിൽ വലിയ പ്രശ്നമില്ലായിരുന്നു. എന്നാൽ ശബ്ദം നല്ലതല്ല എന്നൊക്കെ കേൾക്കുമ്പോൾ അത് എന്റെ ആത്മവിശ്വാസത്തെയും സെൽഫ് റെസ്‌പെക്റ്റിനെയും ഒക്കെ വലിയ രീതിയിൽ ബാധിച്ചിരുന്നു,’ അഞ്ജു പറഞ്ഞു.

എന്നാൽ തനിക്ക് കിട്ടിയിട്ടുള്ള ഈ റിജക്ഷനുകളിൽ നിന്നെയെല്ലാം ചില പാഠങ്ങൾ ഉൾക്കൊള്ളാനും, സ്വയം കൂടുതൽ മെച്ചപ്പെടുത്താനും അവ സഹായിച്ചു എന്നും അഞ്ജു കൂട്ടിച്ചേർത്തു.

‘ഇത്തരത്തിലുള്ള സത്യസന്ധമായ റിജക്ഷനുകൾ കിട്ടിയതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഒരു പോയിന്റിൽ വെച്ച് എന്നിൽ കുറെ കാര്യങ്ങൾ ഇംപ്രൂവ് ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ലഭിച്ചു. അതുകൊണ്ടുതന്നെ ഇനിയും കാര്യങ്ങൾ മെച്ചപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് മാനസിലായി,’ അഞ്ജു ജോസഫ് പറഞ്ഞു.

അഞ്ജു ജോസഫ്. Photo. Instagram

Content Highlight: Anju Joseph reveals the reason behind not asking for singing opportunities

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more