കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ കൈവിട്ട ശേഷം 2025 സീസണിനുള്ള തങ്ങളുടെ ക്യാപ്റ്റനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം അജിന്‍ക്യ രഹാനെയാണ് ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക. വെങ്കിടേഷ് അയ്യരാണ് രഹാനെയുടെ ഡെപ്യൂട്ടി.
ഇപ്പോള്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം പ്രതികരിക്കുകയാണ് രഹാനെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാകുന്നത് വലിയൊരു ബഹുമതിയാണെന്നും കഴിഞ്ഞ സീസണില്‍ ടീം സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും രഹാനെ പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് രഹാനെയുടെ പ്രസ്താവന.
‘ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത് ഒരു ബഹുമതിയാണ്.
എനിക്ക് തോന്നുന്നത് ഒരു മികച്ച, ബാലന്‍സ്ഡ് സ്‌ക്വാഡാണ് ടിമിനുള്ളത് എന്നാണ്. എല്ലാവര്‍ക്കുമൊപ്പം വര്‍ക് ചെയ്യനും കിരീടം നിലനിര്‍ത്താനും ഞാന്‍ കാത്തിരിക്കുകയാണ്,’ രഹാനെ പറഞ്ഞു.
ഐ.പി.എല്‍ മെഗാ താരലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രഹാനെയെ സ്വന്തമാക്കിയത്.
ഇതാദ്യമായല്ല അജിന്‍ക്യ രഹാനെ ഒരു ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്. 2018 മുതല്‍ 2019 വരെ താരം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു. 24 മത്സരങ്ങളില്‍ രഹാനെ പിങ്ക് ആര്‍മിയെ നയിച്ചെങ്കിലും ഒമ്പത് വിജയം മാത്രമാണ് നേടാന്‍ സാധിച്ചത്.
മാര്‍ച്ച് 22ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ ആദ്യ മാച്ച് കളിക്കുക. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവാണ് എതിരാളികള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്
റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ്, വെങ്കിടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, റഹ്‌മാനുള്ള ഗുര്‍ബാസ്, ആന്‌റിക് നോര്‍ക്യ, ആംഗ്രിഷ് രഘുവംഷി, വൈഭവ് അറോറ, മായങ്ക് മാര്‍ക്കണ്ഡേ, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡേ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ലവിനീത് സിസോദിയ, അജിന്‍ക്യ രഹാനെ, അനുകൂല്‍ റോയ്, മോയിന്‍ അലി, ഉമ്രാന്‍ മാലിക്.
Content Highlight; IPL 2025: Anjikya Rahane reacts after being appointed as Kolkata Knight Riders captain