| Tuesday, 11th December 2012, 2:25 pm

അഞ്ചേരി ബേബി വധക്കേസ്: മദനന്റെയും കുട്ടന്റെയും റിമാന്‍ഡ് കാലാവധി നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ ഒന്നാം പ്രതി കൈനകരി കുട്ടന്റെയും മൂന്നാംപ്രതി ഒ.ജി മദനന്റെയും റിമാന്‍ഡ് കാലാവധി നീട്ടി.

ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇരുവരുടെയും റിമാന്‍ഡ് നെടുങ്കണ്ടം അഡീഷണല്‍ സെഷന്‍സ് കോടതി നീട്ടി. []

കേസില്‍ രണ്ടാംപ്രതി എം.എം മണിയുടെ റിമാന്‍ഡ് കാലാവധിയും 17നാണ് അവസാനിക്കുന്നത്.

കഴിഞ്ഞ മാസം 27 ാം തിയ്യതിയാണ് പാമ്പുപാറ കുട്ടനും ഒ.ജി മദനനും അറസ്റ്റിലാകുന്നത്. ചെമ്മണ്ണാറിലെ വീട്ടില്‍ വച്ചാണ് കുട്ടനെ അറസ്റ്റ് ചെയ്തത്. ദേവികുളം സി.ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മദനനേയും അദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ രണ്ടാം പ്രതിയും മുന്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.

കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു.

എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.

സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.

തുടര്‍ന്ന് ജില്ലയില്‍ മുപ്പതു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more