തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി കൈനകരി കുട്ടനെയും മൂന്നാം പ്രതി ഒ.ജി മദനനെയും ഈ മാസം ഏഴുവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.[]
കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
രാജക്കാട്ടെ വീട്ടില്‍ വെച്ചാണ് പൊലീസ് മദനനെ അറസ്റ്റു ചെയ്തത്. ദേവികുളം സി.ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മദനന്‍.
അഞ്ചേരി ബേബി വധത്തില്‍ താന്‍ നിരപരാധിയാണെന്ന് കുട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് ശേഷമാണ് കുട്ടനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോയത്.
ഉടുമ്പന്‍ചോലയിലെ വീട്ടില്‍ നിന്നാണ് കുട്ടനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 1982 നവംബര്‍ 19 നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധിക്കപ്പെട്ടത്.
പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി വധിച്ചുവെന്ന മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് അഞ്ചേരി ബേബി വധം പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതിയും മുന്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
മണിയടക്കമുള്ള പ്രതികളോട് നുണപരിശോധനയ്ക്ക് വിധേയരാകന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.