ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ ഒന്നാം പ്രതി പാമ്പുപാറ കുട്ടനും മൂന്നാം പ്രതി ഒ.ജി മദനനും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ചെമ്മണ്ണാറിലെ വീട്ടില്‍ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദേവികുളം സി.ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.രാവിലെ 9 മണിയോടെയായിരുന്നു മദനന്റെ അറസ്റ്റ്. അദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.[]
രണ്ടുപേരേയും ഇന്ന് കട്ടപ്പന ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കും. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. അഞ്ചേരി ബേബി വധത്തില്‍ താന്‍ നിരപരാധിയാണെന്ന് കുട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
താന്‍ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനല്ല. ഒരു അനുഭാവിമാത്രമാണ്. കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ല. പത്രവാര്‍ത്തകളിലൂടെയാണ് അഞ്ചേരി ബേബി വധത്തെക്കുറിച്ച് താന്‍ അറിഞ്ഞത്. തന്നെ ഈ കേസില്‍ കുടുക്കിയതില്‍ ചതിയുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ല.
പനയ്ക്കല്‍ കുഞ്ഞാണ് കൊലനടത്തിയതെന്ന് പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും കുട്ടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 1982 നവംബര്‍ 19 നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധിക്കപ്പെട്ടത്.
പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി വധിച്ചുവെന്ന മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് അഞ്ചേരി ബേബി വധം പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതിയും മുന്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
മണിയടക്കമുള്ള പ്രതികളോട് നുണപരിശോധനയ്ക്ക് വിധേയരാകന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.