| Thursday, 22nd November 2012, 4:00 pm

അഞ്ചേരി ബേബി വധക്കേസ്: ഒളിവിലാണെന്ന ആരോപണം തെറ്റെന്ന് ഒന്നാം പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ താന്‍ ഒളിവിലാണെന്ന ആരോപണം തെറ്റാണെന്ന് ഒന്നാം പ്രതി പാമ്പുപാറ കുട്ടന്‍. തന്നെ മുമ്പ് നാലുതവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും പാമ്പുപാറ കുട്ടന്‍ പറഞ്ഞു.  നാല് തവണ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കുട്ടന്‍ പറഞ്ഞു. ഒന്നാം പ്രതി ജീവനോടെ പുറത്ത് നില്‍ക്കുമ്പോഴാണ് രണ്ടാം പ്രതിയായ മണിയെ അറസ്റ്റ് ചെയ്തത്. []

മേയ് 25 ന് തൊടുപുഴക്കടുത്ത് മണക്കാട് മണി നടത്തിയ പ്രസംഗം അഞ്ചേരി ബേബി വധക്കേസില്‍ മണിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസ് മണിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.

1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. ഇടുക്കിയിലെ തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് പ്രദേശത്ത് ഒരുമാസം സംഘര്‍ഷം നിലനിന്നിരുന്നു.

ഇതേ തുടര്‍ന്ന് ഇടത് അനുകൂല യൂണിയനുകളില്‍പ്പെട്ട നിരവധി തൊഴിലാളികള്‍ കോണ്‍ഗ്രസിലേക്ക് മാറുകയും ചെയ്തു. ഇവര്‍ സി.പി.ഐ.എമ്മില്‍ നിന്നും ഭീഷണി നേരിട്ടവരായിരുന്നു. ഇവരില്‍ ബേബിയും ഉള്‍പ്പെട്ടിരുന്നു.

തൊഴില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കായി ഏലത്തോട്ടത്തിലൂടെ നടന്നുപോകുകയായിരുന്ന ബേബിയെ മറഞ്ഞിരുന്ന പ്രതികള്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായിരുന്നിട്ടും പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, മുപ്പത് വര്‍ഷത്തിനുശേഷം മെയ് 25ന് മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം.

മണിയുടെ വിവാദ പ്രസംഗം വാര്‍ത്തയായതോടെയാണ് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

We use cookies to give you the best possible experience. Learn more