| Saturday, 2nd March 2013, 10:52 am

മഞ്ചാടിക്കുരു 2007ല്‍ സെന്‍സര്‍ ചെയ്തിരുന്നുവെന്ന ആരോപണം തെറ്റെന്ന് അഞ്ജലി മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  മഞ്ചാടിക്കുരു 2007ല്‍ സെന്‍സര്‍ ചെയ്തിരുന്നുവെന്ന ഫിലിം ചേംബറിന്റെ ആരോപണം വാസ്തവവിരുദ്ധമെന്നും അഞ്ജലി മേനോന്‍ മഞ്ചാടിക്കുരുവിന്  2012ല്‍ മാത്രമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. []

ഫിലിം ചേമ്പറില്‍ താനും അംഗമാണ്. അങ്ങനെയിരിക്കെ തന്നോട് ഒരു വിശദീകരണവും ചോദിക്കാതെ ഫിലിം ചേംബര്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചത് വിഷമമുണ്ടാക്കിയെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

2007ല്‍ സെന്‍സര്‍ ചെയ്ത മഞ്ചാടിക്കുരുവിന് 2012ലെ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നല്‍കിയത് റദ്ദാക്കണമെന്നായിരുന്നു ഫിലിം ചേംബര്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം.

2008ലെ തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്രമേളകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ഷിപ്പ് വേണ്ടതില്ല. പ്രിന്റ് ആകാത്തതിനാല്‍ ചിത്രത്തിന്റെ ഡിജി ബീറ്റാ ഫോര്‍മാറ്റാണ് അന്ന് പ്രദര്‍ശിപ്പിച്ചതെന്നും മഞ്ചാടിക്കുരുവിന് 2012 മെയ് 16ന് മാത്രമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

ചിത്രത്തിന് 3 അവാര്‍ഡ് ലഭിച്ചെങ്കിലും തിരക്കഥയ്ക്കുള്ള അവാര്‍ഡ് റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച്ച ഉണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍മ്മാതാക്കളായ ലിറ്റില്‍ ഫിലിംസ് വിശദീകരണം ആവശ്യപ്പെടുമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more