ഗുവാഹത്തി: ത്രിപുര സ്വദേശിയായ അഞ്ജല്‍ ചക്മ എന്ന വിദ്യാര്‍ത്ഥി ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
അഞ്ജല്‍ ചക്മ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ജനങ്ങളെ വടക്കുകിഴക്കന്‍ ഇന്ത്യയെക്കുറിച്ച് ബോധവത്ക്കരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികളെ പിടികൂടി കഠിന ശിക്ഷ നല്‍കണമെന്നും അദ്ദേഹം പ്രതികരിച്ചു.
‘ പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കിയാല്‍, അത് മുഴുവന്‍ രാജ്യത്തിനും ശക്തമായ മുന്നറിയിപ്പ് നല്‍കും,’ മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ മരണം അങ്ങേയറ്റം ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. സംഭവത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും ദുഖിതരായ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘വടക്കുകിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ അഭിമാനമുള്ള ഇന്ത്യക്കാരാണ്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് ഈ മേഖലയേയും അവിടുത്തെ ജനങ്ങളെയും കുറിച്ച് അറിവ് ലഭിക്കണം. സംസ്ഥാനങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ഉണ്ടാകണം’ ശര്‍മ്മ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് നിലവില്‍ അത്തരം ഡാറ്റകള്‍ ഒന്നും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ ആവശ്യമെങ്കില്‍ അത് ശേഖരിച്ച് സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറില്‍ നിന്നുള്ള 24 വഴസുകാരനായ അഞ്ജല്‍ ചക്മയാണ് കുത്തേറ്റു മരിച്ചത്. ഡെറാഡൂണിലെ ജിഗ്യാസ സര്‍വകലാശാലയിലെ അവസാന വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയാണ് അഞ്ജല്‍ ചക്മ.
ഡിസംബര്‍ ഒന്‍പതിന് അഞ്ജലിനെയും ഇളയ സഹോദരന്‍ മൈക്കിളിനെയും ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി, ചൈനക്കാരനെന്ന് ആക്ഷേപിച്ച് മാര്‍ക്കറ്റില്‍ വച്ച് മര്‍ദിക്കുകയായിരുന്നു.
14 ദിവസത്തിലേറെയായി ജീവനുവേണ്ടി പോരാടിയ ശേഷമായിരുന്നു ഡെറാഡൂണിലെ ആശുപത്രിയില്‍ വച്ച് യുവാവിന്റെ മരണം. ‘ഞങ്ങള്‍ ചൈനക്കാരല്ല… ഞങ്ങള്‍ ഇന്ത്യക്കാരാണ് അത് തെളിയിക്കാന്‍ എന്ത് സര്‍ട്ടിഫിക്കറ്റ് കാണിക്കണം?’ എന്ന് അഞ്ജല്‍ ചക്മ കരഞ്ഞ് പറഞ്ഞതിന് പിന്നാലെ പ്രതികള്‍ കുത്തി വീഴ്ത്തുകയായിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ക്രൂരമായ അക്രമം നടത്തിയത്.
കേസ് സംബന്ധിച്ച് ഡിസംബര്‍ 14 ന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികളിലൊരാള്‍ നേപ്പാള്‍ സ്വദേശി ആണെന്നും ഇയാള്‍ നേപ്പാളിലേക്ക് കടന്നുകളഞ്ഞതായും റിപ്പോട്ടുകളുണ്ട്.
അഞ്ജലിന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വംശീയ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ദേശീയ നിയമം വേണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അഞ്ജലിന്റെ മരണത്തിലേക്ക് നയിച്ച വംശീയ ആക്രമണത്തെ ദല്‍ഹി ചക്മ സ്റ്റുഡന്റ്‌സ് യൂണിയനും ദല്‍ഹിനാഗാ സ്റ്റുഡന്റ്‌സ് യൂണിയനും ശക്തമായി അപലപിച്ചു.
Content Highlight: Anjal Chakma murder; Awareness about the Northeastern states is needed: Himanta