| Tuesday, 9th December 2025, 7:48 am

ഒരു സിനിമ രണ്ട് തവണ പരാജയമാക്കാന്‍ പറ്റുമോ സക്കീര്‍ ഭായി? റീ റിലീസിലും രക്ഷയില്ലാതെ അഞ്ചാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയുടെ കരിയറിലെ ഫ്‌ളോപ്പ് സ്ട്രീക്കിന് തുടക്കം കുറിച്ച ചിത്രമായിരുന്നു അഞ്ചാന്‍. ലിംഗുസാമിയുടെ സംവിധാനത്തില്‍ 2014ല്‍ റിലീസായ ചിത്രം വന്‍ ഹൈപ്പിലായിരുന്നു പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ കൊടുത്ത ഹൈപ്പിനോട് നീതി പുലര്‍ത്താനാകാതെ ചിത്രം പരാജയമാവുകയായിരുന്നു. റിലീസിന് മുമ്പ് സംവിധായകന്‍ നല്‍കിയ അഭിമുഖങ്ങളും പിന്നീട് തിരിച്ചടിയായി.

11 വര്‍ഷത്തിന് ശേഷം അഞ്ചാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയിരുന്നു. റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ലിംഗുസാമി തിയേറ്ററുകളിലെത്തിച്ചത്. ആദ്യദിനം ഹൗസ്ഫുള്‍ ഷോകളുമായി അഞ്ചാന്‍ കളം നിറഞ്ഞെങ്കിലും പിന്നീട് ചിത്രം വീണ്ടും പരാജയത്തിലേക്ക് കുതിച്ചു. റീ റിലീസ് ചെയ്ത് 10 ദിവസങ്ങളായിട്ടും 75 ലക്ഷം പോലും സ്വന്തമാക്കാന്‍ അഞ്ചാന് സാധിച്ചിട്ടില്ല.

റീ റിലീസിലും പരാജയം രുചിക്കേണ്ടി വന്ന അഞ്ചാനാണ് സിനിമാപേജുകളിലെ ചര്‍ച്ച. ഒരു സിനിമ ഒരുതവണ പരാജയമാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ രണ്ട് വട്ടം പരാജയമാവുക എന്നത് അപൂര്‍വമായ കാര്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. എത്ര എഡിറ്റ് ചെയ്താലും ക്ലീഷേ കഥ തന്നെയല്ലേ സിനിമയുടേതെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

അജിത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അട്ടഗാസത്തോടൊപ്പമായിരുന്നു അഞ്ചാന്റെ റീ റിലീസ്. പല സെന്ററുകളിലും ആദ്യദിനം അട്ടഗാസത്തിനായിരുന്നു ഡിമാന്‍ഡ് കൂടുതല്‍. രണ്ടാം ദിനം അഞ്ചാന്‍ മുന്നേറിയെങ്കിലും വീക്കെന്‍ഡിന് ശേഷം ചിത്രം വീണ്ടും വീണു. റീ റിലീസില്‍ ഈ വര്‍ഷം പല തമിഴ് ചിത്രങ്ങളും പരാജയമാവുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

Lingusaamy Photo: Screen grab/ Behindwoods

വിജയ്‌യുടെ ഖുഷി, ഫ്രണ്ട്‌സ് എന്നീ സിനിമകള്‍ ഈ വര്‍ഷം റീ റിലീസ് ചെയ്‌തെങ്കിലും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാനായില്ല. അജിത്തിന്റെ വീരം, അട്ടഗാസം എന്നീ സിനിമകളും കഷ്ടിച്ച് ഒരു കോടി നേടിയാണ് കളം വിട്ടത്. ഈ ലിസ്റ്റിലേക്കാണ് അഞ്ചാനും ഇടംപിടിച്ചത്. റീ റിലീസുകളോടുള്ള ആളുകളുടെ ക്രേസ് കുറഞ്ഞുവരികയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വിജയ് കളമൊഴിയുന്നെന്ന് അറിയിച്ചതിന് ശേഷം തമിഴ് സിനിമയുടെ വളര്‍ച്ചയും അനിശ്ചിതത്വത്തിലാണ്. ഈ വര്‍ഷം വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ സിനിമകളൊന്നും തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. കൂലി, തഗ് ലൈഫ്, മദിരാശി, റെട്രോ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോവുകയായിരുന്നു.

Content Highlight: Anjaan movie re release became flop in Box Office

We use cookies to give you the best possible experience. Learn more