തമിഴ് സൂപ്പര്‍താരങ്ങളായ അജിത്, സൂര്യ എന്നിവരുടെ രണ്ട് സിനിമകളുടെ റീ റിലീസിനാണ് കഴിഞ്ഞദിവസം ഇന്‍ഡസ്ട്രി സാക്ഷ്യം വഹിച്ചത്. 2004ല്‍ പുറത്തിറങ്ങിയ അട്ടഗാസം, 2014ല്‍ പുറത്തിറങ്ങിയ അഞ്ചാന്‍ എന്നീ സിനിമകള്‍ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലെത്തിയിരിക്കുകയാണ്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള അജിത്തിന്റെ അട്ടഗാസം തന്നെയാണ് ആദ്യദിനം ലീഡ് നേടിയത്.
എന്നാല്‍ രണ്ടാം ദിനം പല സ്‌ക്രീനുകളിലും അട്ടഗാസത്തിന് പകരം അഞ്ചാനാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞദിവസം പലയിടത്തും അഞ്ചാന് ആദ്യ ഷോ ഉണ്ടായിരുന്നില്ല. ലൈസന്‍സ് ലഭിക്കാത്തതിനാലാണ് ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയത്. മാറ്റിനി മുതലാണ് അഞ്ചാന്‍ വീണ്ടും പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ തൂത്തുക്കുടി ഗുരു ഈ സമയം കൊണ്ട് ബിഗ് സ്‌ക്രീനില്‍ ഓളമുണ്ടാക്കിയിരുന്നു.
ആരാധകരുടെ അമിതമായ ആഘോഷം കാരണം അട്ടഗാസം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പൊലീസ് കയറിവന്ന് ആഘോഷം കുറക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യം വരെയുണ്ടായി. എന്നാല്‍ രണ്ടാം ദിനം മുതല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. അഞ്ചാന്റെ ഡൊമിനേഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
11 വര്‍ഷം മുമ്പ് തിയേറ്ററുകളിലെത്തിയപ്പോള്‍ പരാജയം രുചിക്കാനായിരുന്നു അഞ്ചാന്റെ വിധി. സൂര്യയുടെ കരിയറില്‍ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങിയ ചിത്രം ആദ്യ ഷോയ്ക്ക് ശേഷം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിലീസിന് മുമ്പ് സംവിധായകന്‍ നല്‍കിയ അഭിമുഖങ്ങള്‍ പിന്നീട് സിനിമക്ക് തിരിച്ചടിയായി മാറി.
സോഷ്യല്‍ മീഡിയയില്‍ സിനിമക്കെതിരെയുള്ള ട്രോള്‍ ക്യാമ്പയിന് തുടക്കം കുറിച്ചത് അഞ്ചാനിലൂടെയായിരുന്നു. സൂര്യയുടെ കരിയറില്‍ ഫ്‌ളോപ്പ് സ്ട്രീക്കിന് തുടക്കം കുറിച്ചതും ഈ സിനിമയിലൂടെയാണ്. 11 വര്‍ഷത്തിനിപ്പുറം റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇപ്പോള്‍ തിയേറ്ററുകളിലെത്തിയത്. രണ്ടേമുക്കാല്‍ മണിക്കൂറുണ്ടായിരുന്ന ചിത്രം രണ്ട് മണിക്കൂറിലേക്ക് ചുരുക്കിയിരിക്കുകയാണ്.
സൂരിയുടെ കോമഡി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സൂര്യയുടെ എന്‍ട്രിയുടെയും മറ്റ് മാസ് രംഗങ്ങളുടെയും തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോ ഇതിനോടകം വൈറലായി. റീ റിലീസ് വേര്‍ഷന്‍ ഹിറ്റാവുകയാണെങ്കില്‍ അഞ്ചാന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് താന്‍ ചിന്തിച്ചേക്കുമെന്നും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Anjaan movie overtakes the screen count of Attagasam in Tamilnadu