| Wednesday, 25th March 2026, 4:45 pm

മമിതക്ക് പിന്നാലെ അനിഷ്മയും?; വൈറലായി അനിഷ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളമെന്നോ തമിഴെന്നോ അതിര്‍വരമ്പുകളില്ലാത്ത വിധം ഇരു ഭാഷയിലെ സിനിമാ ഇന്റസ്ട്രികളും പതിയെ ഒന്നാകുന്ന കാഴ്ച്ചക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. വളരെ സാവധാനത്തിലാണ് ഈ മാറ്റം നടക്കുന്നതെങ്കിലും സമീപകാലത്ത് ഒട്ടനവധി സംഭവവികാസങ്ങളാണ് സിനിമാ മേഖലയില്‍ അരങ്ങേറുന്നത്. മുന്‍നിര തമിഴ് ചിത്രങ്ങളിലെ മലയാള താരങ്ങളുടെ സാന്നിധ്യത്തിനൊപ്പം ഒട്ടനവധി മലയാളിസംവിധായകരും കോളിവുഡില്‍ സജീവമാകുമ്പോള്‍ വലിയ സാധ്യതകളാണ് ഇവര്‍ക്ക് മുമ്പില്‍ തുറന്ന് കിട്ടിയിരിക്കുന്നത്.

സിറൈ . Photo: Tharani RTk/ X.com

ഇത്തരത്തില്‍ തമിഴില്‍ തന്റെ കഴിവ് തെളിയിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരമാണ് അനിഷ്മ അനില്‍കുമാര്‍. 2023 ല്‍ പുറത്തിറങ്ങിയ പൂവന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേററ്റം കുറിച്ച താരം മരണമാസ്, ഐ ആം കാതലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത സിറൈ എന്ന ചിത്രത്തിലെ കലൈയരസിയായി വേഷമിട്ട അനിഷ്മ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് നവാഗതനായ കെന്‍ കരുണാസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ യൂത്തില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടത്. മികച്ച പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുന്ന ചിത്രത്തില്‍ അനിഷ്മയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനോടകം യൂട്യൂബില്‍ റിലീസ് ചെയ്ത യൂത്തിലെ ഗാനത്തിലെ സീനുകളിലും അനിഷ്മ കൈയടി നേടിയിരുന്നു.

ഇപ്പോഴിതാ തമിഴിലെ നടിപ്പിന്‍ നായകന്‍ സൂര്യയുടെ ഫോട്ടോക്കടുത്ത് നിന്നുകൊണ്ട് അനിഷ്മ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയാണ് വൈറലാവുന്നത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുളളിലാണ് ചിത്രം മലയാളം-തമിഴ് സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. മമിതയുടെ വിശ്വനാഥ് ആന്‍ഡ് സണ്‍സ് പോലെ അനിഷ്മയും സൂര്യക്കൊപ്പം പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ സെന്‍സേഷനായി മാറിയ മമിത ബൈജു കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തമിഴ് ചിത്രങ്ങളിലായിരുന്നു. പ്രദീപ് രംഗനാഥനൊപ്പം ഹിറ്റ് ചിത്രമായ ഡ്യൂഡില്‍ വേഷമിട്ട താരത്തിന്റതായി രണ്ട് വമ്പന്‍ ചിത്രങ്ങളാണ് തമിഴില്‍ വരാനിരിക്കുന്നത്. വിജയ്‌യുടെ സഹോദരിയായി വേഷമിട്ട ജനനായകനും സൂര്യയുടെ നായികയായെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സുമാണ് ഇത്.

സുരാജ് യൂത്തില്‍. Photo: Laxmi Kanth/ X.com

അനിഷ്മക്ക് പുറമെ കെന്‍ കരുണാസിന്റെ അച്ഛന്‍ കഥാപാത്രമായി മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും യൂത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ഇതിന് പുറമെ രജിനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ജയിലര്‍ 2വിലും താരം പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Content Highlight: Anishma’s Instagram post with Suriya’s Photograph goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more