| Monday, 6th April 2026, 6:30 pm

സിനിമ കാരണമാണ് ജീവിതം മാറിയത്; ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി: അനിഷ്മ അനില്‍കുമാര്‍

ഐറിന്‍ മരിയ ആന്റണി

തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അനിഷ്മ അനില്‍കുമാര്‍. പൂവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അനിഷ്മ പിന്നീട്, ഐ.ആം കാതലന്‍, മരണമാസ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സുരേഷ് രാജ്കുമാരി സംവിധാനം ചെയ്ത തമിഴ് ചിത്രം സിറൈയാണ് താരത്തിന് ബ്രേക്ക് ത്രൂവായത്.

ചിത്രത്തിലെ കലയരസി എന്ന കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കി. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കെന്‍ കരുണാസ് ചിത്രം യൂത്തിലും അനിഷ്മ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ചെറിയ ബജറ്റിലെത്തിയ ഈ റോം കോം ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.

ഇപ്പോഴിതാ സിനിമ കാരണമാണ് തന്റെ ജീവിതം മാറിയതെന്ന് അനിഷ്മ പറയുന്നു. ഒരു നല്ല സിനിമ കണ്ടാല്‍ത്തന്നെ, ഒരാളുടെ ജീവിതം മാറുമെന്ന് തോന്നിയിട്ടുണ്ടെന്നും സിനിമ കാരണമാണ് ശരിക്കും തന്റെ ജീവിതം മാറിയതെന്നും നടി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഷ്മ.

‘എന്നെ സ്വാധീനിച്ച നല്ല സിനിമകളുണ്ട്. പ്രത്യേകിച്ച്, ശ്രീനിവാസന്‍ സാറിന്റെ എഴുത്തിലും സംവിധാനത്തിലും പിറന്ന ചിത്രങ്ങള്‍. അവ എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയിട്ടുണ്ട്. സ്വപ്നമെന്നത് ഒരിക്കലും നേടിയെടുക്കാന്‍ പറ്റാത്ത ഒന്നല്ല. സത്യസന്ധമായി ആഗ്രഹിക്കുകയും കഷ്ടപ്പെടുകയും ചെയ്താല്‍ സ്വപ്നജീവിതം ജീവിക്കാം എന്ന് അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കി.

സിനിമ എനിക്ക് ഒരുപാട് സുഹൃദ്ബന്ധങ്ങള്‍ നല്‍കി. ഞാന്‍ എന്നെത്തന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാന്‍ തുടങ്ങി. ഇതെല്ലാം എനിക്കേറ്റവും ഇഷ്ടമുള്ള ജോലി ചെയ്തത് കൊണ്ടാണെന്നുള്ളത് അതിലുമേറെ സന്തോഷമുള്ള കാര്യമാണ്. പുതിയ സിനിമകള്‍ കാണാനും അഭിനയിച്ച് പഠിക്കാനും എനിക്ക് സാധിച്ചല്ലോ,’ അനിഷ്മ പറയുന്നു.

തുടക്കത്തില്‍ ആത്മവിശ്വാസക്കുറവ് നന്നായുണ്ടായിരുന്നുവെന്നും സ്‌കൂളിലും കോളേജിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കാന്‍ തനിക്കറിയില്ലായിരുന്നുവെന്നും അനിഷ്മ പറയുന്നു. ഒരു ഷോര്‍ട്ട് ഫിലിമില്‍പ്പോലും അഭിനയിച്ചിട്ടില്ലെന്നും താന്‍ കാട്ടാക്കട എന്ന ചെറിയൊരു നാട്ടില്‍ നിന്നാണ് വരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

യൂത്താണ് അനിഷ്മയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Anishma Anilkumar says cinema changed her life

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more