മലയാളത്തിലൂടെ കരിയറാരംഭിച്ച് തമിഴില്‍ ശ്രദ്ധ നേടിയ നടിമാര്‍ ധാരാളമുണ്ട്. ആ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് അനിഷ്മ അനില്‍കുമാര്‍. പൂവനിലൂടെ കരിയറാരംഭിച്ച അനിഷ്മ നസ്‌ലെനൊപ്പമുള്ള ഐ ആം കാതലനിലൂടെ നായികയായി അരങ്ങേറി. തമിഴില്‍ ഒന്നിന് പിന്നാലെ ഒന്നായി മികച്ച സിനിമകളുടെ ഭാഗമായിരിക്കുകയാണ് താരമിപ്പോള്‍.
ഏറ്റവും പുതിയ ചിത്രമായ മൊത രാത്രി ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നവാഗതനായ രാജ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹി്റ്റായി മാറിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ ഹിറ്റാണ് മൊത രാത്രിയിലൂടെ അനിഷ്മ സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ സിറൈ, ഈ വര്‍ഷമാദ്യം റിലീസായ യൂത്ത് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.
തിരുനെല്‍വേലിയിലെ ഒരു സാധാരണ ഗ്രാമത്തിലെ കഥാപാത്രമായാണ് അനിഷ്മ മൊത രാത്രിയില്‍ പ്രത്യക്ഷപ്പെട്ടത്. തിരുനെല്‍വേലിയിലെ പ്രത്യേക സ്ലാങ് വളരെ വേഗത്തില്‍ പഠിച്ചെടുത്തെന്ന് താരം പറയുന്നു. ഡബ്ബിങ്ങില്‍ ചെറുതായി ബുദ്ധിമുട്ടിയെന്നും സംവിധായകന്‍ സഹായിച്ചെന്നും അനിഷ്മ കൂട്ടിച്ചേര്‍ത്തു. സിനി ഉലഗത്തോട് സംസാരിക്കുകയായിരുന്നു അനിഷ്മ.
‘ചെറുപ്പം തൊട്ടെ ധാരാളം തമിഴ് സിനിമ കാണുമായിരുന്നു. ഞാന്‍ വളര്‍ന്നത് തിരുവനന്തപുരത്താണ്. അച്ഛന്‍ കമല്‍ ഹാസന്റെ വലിയ ഫാനാണ്. പുള്ളി ഓരോ സിനിമയും എന്നെ വിളിച്ചിരുത്തി കാണിക്കുമായിരുന്നു. ആളവന്താനൊക്ക ചെറുപ്പത്തില്‍ കണ്ട ഓര്‍മയുണ്ട്. അന്ന് അതിന്റെ കഥയൊന്നും മനസിലാകില്ല. എന്നിട്ടും അന്തം വിട്ട് കണ്ടിരുന്നിട്ടുണ്ട്.
തമിഴ് എഴുതാനും വായിക്കാനും പഠിച്ചത് സിനിമ കണ്ടിട്ടാണ്. സിനിമകളുടെ പോസ്റ്ററില്‍ ഓരോ വാക്കും ശ്രദ്ധിച്ച് നോക്കിയാണ് പഠിച്ചത്. അഴകിയ തമിഴ് മകന്റെ പോസ്റ്ററിലെ ഓരോ വാക്കും പിക്ക് ചെയ്ത് അത് മനസിലാക്കി. എന്നിട്ട് എന്റെ പേര് അതുപോലെ എഴുതി നോക്കുമായിരുന്നു. തമിഴ് പോലൊരു നല്ല ഭാഷ പഠിക്കാന്‍ സഹായിച്ചത് സിനിമയാണ്. ഇപ്പോള്‍ തമിഴില്‍ സിനിമ ചെയ്യുമ്പോള്‍ അത് വളരെ ഉപകാരം ചെയ്യുന്നുണ്ട്,’ അനിഷ്മ പറഞ്ഞു.
വലിയ താരനിരയൊന്നുമില്ലാതെ ചുരുക്കം സെന്ററുകളില്‍ റിലീസായ മൊത രാത്രി ഇതിനോടകം 10 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ചിത്രം കൂടുതല്‍ ആളുകളിലേക്കെത്തുന്നത്. ഒരു ഗ്രാമത്തിലെ കല്യാണവും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. യുവതാരം റിഷികാന്താണ് മൊത രാത്രിയിലെ നായകന്‍.
Content Highlight: Anishma Anilkumar saying she knows Tamil from Childhood