തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അനിഷ്മ അനില്‍കുമാര്‍. പൂവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അനിഷ്മ പിന്നീട്, ഐ.ആം കാതലന്‍, മരണമാസ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ സുരേഷ് രാജ്കുമാരി സംവിധാനം ചെയ്ത തമിഴ് ചിത്രം സിറൈയാണ് താരത്തിന് ബ്രേക്ക് ത്രൂവായത്. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കെന്‍ കരുണാസ് ചിത്രം യൂത്തിലും അനിഷ്മ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്.
മലയാളത്തില്‍ താരത്തിന് ശ്രദ്ധ നേടി കൊടുത്തത് മരണമാസ് എന്ന സിനിമയായിരുന്നു. ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ നായികയായണ് അനിഷ്മ എത്തിയത്. ഇപ്പോഴിതാ ബേസിലിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ബേസിലിന്റെ ആരാധികയാണെന്നും അദ്ദേഹം സെറ്റില്‍ വരുമ്പോള്‍ പ്രത്യേക ഊര്‍ജമുണ്ടാകറുണ്ടെന്നും അനിഷ്മ പറയുന്നു.
‘ഗോദ, കുഞ്ഞിരാമായണം തുടങ്ങി സിനിമയിലെ ബേസിലേട്ടന്റെ വളര്‍ച്ച കണ്ട് ഇഷ്ടപ്പെട്ട ആരാധ കരിലൊരാളാണ് ഞാനും. അദ്ദേഹം സെറ്റില്‍ വരുമ്പോള്‍ത്തന്നെ പ്രത്യേക ഊര്‍ജമാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ബേസിലേട്ടന്‍ ലൊക്കേഷനിലുണ്ടാകുമ്പോള്‍ സമയം പോകുന്നതറിയില്ല.
അദ്ദേഹത്തിന്റെ ആത്മവിശ്വാസം കാണുമ്പോള്‍ നമുക്കും പ്രചോദനമാണ്. മരണമാസ്സില്‍ അഭിനയിക്കുന്ന സമയത്ത് ചില സീനുകളിലെ എന്റെ അഭിനയം കണ്ടിട്ട് നന്നായിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു തുടക്കക്കാരിക്ക് അഭിനന്ദനങ്ങള്‍ കിട്ടുമ്പോള്‍ ഒരു സന്തോഷമല്ലേ,’ അനിഷ്മയുടെ വാക്കുകള്‍.
ഇപ്പോള്‍ തനിക്ക് സിനിമ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍സില്ലെന്നും നല്ല കഥാപാത്രങ്ങള്‍ തേടിവന്നതൊരു അനുഗ്രഹമാണെന്നും താരം പറയുന്നു. അഭിനയിച്ച എല്ലാ സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയെന്നും അത് എങ്ങനെ കിട്ടി എന്നറിയില്ലെന്നും അനിഷ്മ പറഞ്ഞു. ‘യൂത്തി’ന് ശേഷം അടുത്ത് ചെയ്യാന്‍ പോകുന്നതും പ്രധാന ടീമിനൊപ്പമാണെന്നും കഥയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കാറുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു.
നടന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത യൂത്ത് മാര്‍ച്ച് 19നാണ് തിയേറ്ററുകളിലെത്തിയത്. ചെറിയ ബജറ്റിലെത്തിയ ഈ റോം കോം ചിത്രം ബോക്‌സ് ഓഫീസില്‍ 71 കോടി കളക്ഷനാണ് നേടിയത്. സിനിമയില്‍ മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Anishma Anilkumar on Basil Joseph and the movie Maranamass