| Thursday, 31st July 2025, 10:27 pm

ഹുക്കുമിന് മുകളില്‍ ഒന്നും ചെയ്യാനാകില്ലെന്ന് വിചാരിച്ചു, അത് മാറ്റിയല്ലോ എന്നായിരുന്നു രജിനി സാറിന്റെ കമന്റ്: അനിരുദ്ധ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂണ്‍ പകുതി മുതല്‍ ജൂലൈ അവസാനം വരെ സോഷ്യല്‍ മീഡിയ ഭരിച്ചത് അനിരുദ്ധിന്റെ ഗാനങ്ങളായിരുന്നു. വിജയ് നായകനായ ജന നായകന്റെ ഗ്ലിംപ്‌സ് മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മദ്രാസിയിലെ ഗാനം വരെ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു. വേട്ടൈയന് ശേഷം രജിനിക്കായി അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രമാണ് കൂലി.

ചിത്രത്തിലെ ‘പവര്‍ഹൗസ് വൈബ്’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിനിയുടെ ഹാര്‍ഡ്‌കോര്‍ ഫാനാണ് താനെന്ന് ഒരിക്കല്‍ക്കൂടി അനിരുദ്ധ് തെളിയിച്ച ഗാനമായിരുന്നു ഇത്. പവര്‍ഫുള്ളായിട്ടുള്ള വരികളും അവതരണവുമായിരുന്നു ‘പവര്‍ഹൗസ് വൈബിന്റെ പ്രത്യേകത. ഇപ്പോഴിതാ ഈ ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്.

‘പാട്ട് കേട്ട് രജിനി സാര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഇത് ഒരുപാട് ഇഷ്ടമായി. ഒരുപാട് നേരം കൂലിയിലെ മ്യൂസിക്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ‘ഹുക്കുമിന് മുകളില്‍ ഒരു പാട്ട് ഇനി നിനക്ക് ചെയ്യാനാകില്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. നീയത് മാറ്റിമറിച്ചു’ എന്നായിരുന്നു സാറിന്റെ കമന്റ്. അതിന് മുകളില്‍ നമുക്ക് എന്ത് വേണം,’ അനിരുദ്ധ് പറയുന്നു.

കൂലിയില്‍ ലോകേഷിന്റെ വര്‍ക്കിനെക്കുറിച്ചും അനിരുദ്ധ് സംസാരിച്ചു. എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ ആദ്യാവസാനം ആക്ഷനൊക്കെയുള്ള ചിത്രമായിട്ടല്ല ഈ ചിത്രം ഒരുക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം എല്ലവര്‍ക്കും ഇഷ്ടമാകുന്ന തരത്തിലാണ് ഒരുക്കിയതെന്നും അനിരുദ്ധ് പറഞ്ഞു.

‘ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനാണ് ലോകേഷെന്നേ ഞാന്‍ പറയുള്ളൂ. ഞാന്‍ ഓവര്‍ ഹൈപ്പ് നല്‍കുകയല്ല. ഈ സിനിമ ലോകേഷിന്റെ കരുത്ത് എന്താണെന്ന് ഓരോരുത്തര്‍ക്കും മനസിലാക്കിത്തരുന്ന ഒന്നാകുമെന്ന് സംശയമില്ലാതെ പറയും. ലോകേഷിന്റെ ലോകത്തിലേക്ക് രജിനി സാര്‍ വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് കാത്തിരുന്ന് കാണുക,’ അനിരുദ്ധ് പറയുന്നു.

രജിനി- ലോകേഷ് കോമ്പോ കാരണമുള്ള ഹൈപ്പ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടീസറും ട്രെയ്‌ലറും ഇറക്കാതെ എല്ലാ താരങ്ങളുടെയും ബാക്ക്‌ഷോട്ട് മാത്രം കാണിച്ചത് ഇത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. സൂര്യന്‍ എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അനിരുദ്ധ്‌.

Content Highlight: Anirudh shares the comment of Rajnikanth after Powerhouse song from Coolie

We use cookies to give you the best possible experience. Learn more