ചെയ്യുന്ന പാട്ടുകളെല്ലാം ചാര്‍ട്ബസ്റ്ററാക്കി മാറ്റാന്‍ കഴിവുള്ള ചുരുക്കം സംഗീത സംവിധായകരില്‍ ഒരാളാണ് അനിരുദ്ധ്. ആദ്യചിത്രമായ ത്രീയിലെ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം മുതല്‍ ഏറ്റവുമൊടുവിലിറങ്ങിയ കൂലിയിലെ പാട്ടുകള്‍ വരെ അതിന് ഉദാഹരണമാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാസംഗീത ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കാന്‍ അനിരുദ്ധിന് സാധിച്ചു.
തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും അനിരുദ്ധ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒറ്റക്ക് ഒരു സിനിമ തോളിലേറ്റാന്‍ തന്റെ പാട്ടിന് സാധിക്കുമെന്ന് അനിരുദ്ധ് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സംഗീതസംവിധാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ് രവിചന്ദര്‍. എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാറുണ്ടെന്നും അതില്‍ മാറ്റം വരുത്താറില്ലെന്നും അനിരുദ്ധ് പറഞ്ഞു.
സ്റ്റുഡിയോയിലേക്കുള്ള പോക്കും പാട്ടുകള്‍ ഉണ്ടാക്കുന്നതും പിന്നീടുള്ള കാര്യമാണെന്നും അതിന് വേണ്ടി എല്ലാ ദിവസവും ഒരുപാട് സമയം ചെലവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗീതസംവിധായകനെന്ന നിലയില്‍ പ്രഷറുണ്ടാകാറുണ്ടെന്നും എന്നാല്‍ താന്‍ അത് എന്‍ജോയ് ചെയ്യുമെന്നും അനിരുദ്ധ് പറയുന്നു. സൂര്യന്‍ എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ടീമില്‍ മൊത്തം എട്ടുപേരാണ് ഉള്ളത്. സ്റ്റുഡിയോയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ കൂടെത്തന്നെയാണ് ഞാന്‍. ഒരുമിച്ച് ചര്‍ച്ച ചെയ്ത് ഒരുപാട് സമയമെടുത്താണ് ഓരോ വര്‍ക്കും ചെയ്യുന്നത്. ഒരു ട്യൂണ്‍ ക്രിയേറ്റ് ചെയ്തുകഴിഞ്ഞാല്‍ അത് എല്ലാവരുമായും ഡിസ്‌കസ് ചെയ്യും. ഒരാള്‍ക്ക് ഇഷ്ടമാകാതിരുന്നാല്‍ കൂടി അത് ഒഴിവാക്കി പുതിയത് ഉണ്ടാക്കും. അതാണ് ഞങ്ങളുടെ രീതി.
വരികളുടെ കൂടെ മ്യൂസിക് കമ്പോസ് ചെയ്യാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. ഹുക്ക് ലൈന്‍ ഏതാണെന്ന് ആദ്യമേ മനസിലാക്കി അതിനനുസരിച്ച് ട്യൂണ്‍ ഉണ്ടാക്കും. ചില സമയത്ത് പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഐഡിയ കിട്ടാതെ വരും. ഒരു കാര്യം തുറന്നുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.
ചാറ്റ് ജി.പി.ടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടുണ്ട്. പാട്ടിന്റെ വരികളുടെ കാര്യത്തില്‍ ഇടയ്ക്ക് കണ്‍ഫ്യൂഷന്‍ വരും. അവസാനത്തെ രണ്ട് വരിയൊക്കെ കിട്ടാതാകുമ്പോള്‍ ഞാന്‍ അതുവരെയുള്ള വരികള്‍ ചാറ്റ് ജി.പി.ടിക്ക് കൊടുത്തിട്ട് രണ്ട് വരി കൂടെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടും. അത് തരുന്ന പ്രോംപ്റ്റിനനുസരിച്ച് ഞാന്‍ പാട്ട് ഫിനിഷ് ചെയ്യും,’ അനിരുദ്ധ് പറയുന്നു.
Content Highlight: Anirudh saying that he seeks help of Chat GPT sometimes for lyrics