ഒരു സിനിമയില്‍ ബി.ജി.എം മാത്രം നന്നായാല്‍ അതുകൊണ്ട് സിനിമ രക്ഷപ്പെടില്ലെന്ന് ഒരു മുന്‍നിര സംഗീത സംവിധായകന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. തന്റെ സംഗീതം സിനിമയുമായി ചേരുന്നില്ലെന്ന വിമര്‍ശനത്തോട് പ്രതികരിക്കവെയായിരുന്നു ഈ പരാമര്‍ശം. ഇപ്പോഴിതാ ആ പരാമര്‍ശത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അനിരുദ്ധ്.
ഒരു സിനിമയില്‍ നായകനും നായികക്കും വില്ലനും സഹനടനുമൊക്കെ കൈയടി ലഭിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ സിനിമയിലെ ബി.ജി.എമ്മിന് ആളുകള്‍ കൈയടിക്കുന്ന, ആര്‍പ്പുവിളിക്കുന്ന കാഴ്ചക്കാണ് ഡി.സി എന്ന ചിത്രം കളിക്കുന്ന തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നത്. ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
നായകന്‍ ലോകേഷാണെങ്കിലും സിനിമയില്‍ പലയിടത്തും കൈയടി നേടുന്നത് സംഗീത സംവിധായകന്‍ അനിരുദ്ധാണ്. തന്റെ ബി.ജി.എം വെച്ച് പലയിടത്തും അനി ഡി.സിയെ അപ്‌ലിഫ്റ്റ് ചെയ്യുകയാണ്. ഒന്നിനൊന്ന് മികച്ച ഗംഭീര സ്‌കോറുകളാണ് അനി നല്‍കിയത്. ഏതാണ് മികച്ചതെന്ന് എടുത്തുപറയുക പ്രയാസമാണ്.
തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറിയാണ് അനിരുദ്ധ് ഡി.സിയെ സമീപിക്കുന്നതെന്ന് റിലീസിന് മുന്നേ സൂചന ലഭിച്ചിരുന്നു. ആദ്യ ഗ്ലിംപ്‌സില്‍ ഒരുക്കിയ ‘ബ്ലഡി വാലെന്റൈന്‍’, ടീസറില്‍ കേള്‍പ്പിച്ച ‘രാഗ ഓഫ് റിവഞ്ച്’ എന്നീ സ്‌കോറുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹുക്ക് ലൈനുകളും ക്യാച്ചി ട്യൂണുകളും കൊണ്ട് ചാര്‍ട്ട്ബസ്റ്ററുകള്‍ സൃഷ്ടിക്കുന്ന അനിരുദ്ധിന്റെ പുതിയ മോഡാണ് ഈ സ്‌കോറുകളില്‍ കേള്‍ക്കാന്‍ സാധിച്ചത്.
ഡി.സിക്ക് മുമ്പ് ചെയ്ത പല സിനിമകളിലും അനിരുദ്ധ് കേട്ട ഒരു വിമര്‍ശനമായിരുന്നു പാട്ടയടി പാട്ടുകള്‍ എന്നത്. റോക്ക്, ഡെപ്പാംകൂത്ത് പാട്ടുകളിലായിരുന്നു അനി ശ്രദ്ധ നല്‍കുന്നതെന്ന് പലരും വിമര്‍ശിച്ചു. ഇടക്ക് ക്ലാസിക്കലും ശ്രമിക്കണമെന്ന എ.ആര്‍ റഹ്‌മാന്റെ ഉപദേശം അനി സ്വീകരിച്ചു. അതിന്റെ ഫലം ഡി.സിയില്‍ ആദ്യാവസാനം അനുഭവിക്കാന്‍ സാധിക്കുന്നുമുണ്ട്.
ലിയോയ്ക്ക് ശേഷം ഔട്ട് ഓഫ് സ്റ്റോക്കായെന്ന വിമര്‍ശനവും അനിരുദ്ധിനെ തേടിയെത്തിയിരുന്നു. ചില പാട്ടുകളില്‍ ആവര്‍ത്തനവിരസത തോന്നുന്നെന്നും അധികം വൈകാതെ ഫീല്‍ഡൗട്ടാകുമെന്നും ചിലര്‍ വിമര്‍ശിച്ചു. അതിനെല്ലാമുള്ള മറുപടി ഡി.സി എന്ന ഒരൊറ്റ സിനിമയിലൂടെ അനിരുദ്ധ് നല്‍കി. ഇനിയൊരു 50 കൊല്ലം ഓടാനുള്ള സ്‌റ്റോക്ക് തന്റെ കൈയിലുണ്ടെന്ന് റോക്ക്‌സ്റ്റാര്‍ തെളിയിച്ചിരിക്കുകയാണ്.
Content Highlight: Anirudh’s music uplifted DC movie