| Sunday, 22nd February 2026, 5:55 pm

കൈയിലെ സ്റ്റോക്ക് തീര്‍ന്നെന്ന് ആരാ പറഞ്ഞത്, അനിരുദ്ധിന് വട്ടം വെക്കാന്‍ ആരുമില്ല മക്കളേ, പ്ലേലിസ്റ്റില്‍ ഇപ്പോഴും അനിയുടെ ഭരണം തന്നെ

അമര്‍നാഥ് എം.

തമിഴില്‍ നിലവിലെ സെന്‍സേഷനായി മാറിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രന്‍. ധനുഷ് നായകനായ ത്രീയിലൂടെ കരിയര്‍ ആരംഭിച്ച അനിരുദ്ധ് ഇന്ന് പല പ്രൊജക്ടുകളിലും സംഗീതം നല്‍കി ഞെട്ടിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ വമ്പന്‍ സിനിമകളാണ് അനിരുദ്ധിന്റെ ലൈനപ്പിലുള്ളത്.

എന്നാല്‍ അടുത്തിടെ അനിരുദ്ധിന്റെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധ നേടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലിയോക്ക് ശേഷം അനിരുദ്ധ് ചെയ്ത സിനിമകളിലെല്ലാം ആവര്‍ത്തന വിരസത തോന്നുന്നുവെന്നായിരുന്നു വിമര്‍ശനം. അനിരുദ്ധിന്റെ കയ്യിലെ സ്‌റ്റോക്ക് തീര്‍ന്നെന്നും ചിലര്‍ ആരോപിച്ചു. സായ് അഭ്യങ്കറിന്റെ കടന്നുവരവും അനിരുദ്ധിന് വെല്ലുവിളിയായേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ തന്റെ കൈയിലെ സ്റ്റോക്ക് തീര്‍ന്നിട്ടില്ലെന്നും ഒരു വെടിക്കുള്ള മരുന്ന് ഇപ്പോഴും കയ്യിലുണ്ടെന്നും അനിരുദ്ധ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന രജിനി- കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സിന് അനിരുദ്ധ് നല്‍കിയ ബി.ജി.എം ഇതിനോടകം വൈറലായി. റെട്രോയും മോഡേണ്‍ വേര്‍ഷനും മിക്‌സ് ചെയ്തുകൊണ്ടുള്ള ബി.ജി.എം പല റീലുകളിലും ഇതിനോടകം ആളുകള്‍ ഉപയോഗിച്ചുതുടങ്ങി.

ഈ വര്‍ഷം ആദ്യത്തിലും അനിരുദ്ധ് ഞെട്ടിച്ചിരുന്നു. ലോകേഷ്- അല്ലു അര്‍ജുന്‍ പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റിന് അനിരുദ്ധ് നല്‍കിയ തീം മ്യൂസിക്കും വൈറലായി. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ആളുകളാണ് ’23 തീം’ റീലുകള്‍ക്കായി ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷവും അനിരുദ്ധ് തന്നെയായിരുന്നു പലരുടെയും ഫേവറെറ്റ്.

കൂലിയുടെ റിലീസിന് മുമ്പ് ഹിറ്റായത് മോണിക്കയായിരുന്നെങ്കിലും അവസാനമെത്തിയ പവര്‍ഹൗസ് ഞെട്ടിച്ചു. ലോകേഷ് നിരാശപ്പെടുത്തിയെങ്കിലും കൂലിയെ താങ്ങിനിര്‍ത്തിയ ഘടകങ്ങളിലൊന്ന് അനിയുടെ ബി.ജി.എമ്മായിരുന്നു. കിങ്ഡത്തിലെ ‘റഗിലേ റഗിലേ’ എന്ന ഗാനവും ചാര്‍ട്ട്ബസ്റ്ററായി മാറി. സ്‌പോട്ടിഫൈയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ആളുകള്‍ കേട്ടത് അനിരുദ്ധിന്റെ ഗാനങ്ങളായിരുന്നു.

22ാം വയസില്‍ ആദ്യസിനിമ ചെയ്ത അനിരുദ്ധ് ഇന്നും ഞെട്ടിക്കുകയാണ്. ഇനി വരാനിരിക്കുന്ന അനിയുടെ പ്രൊജക്ടുകളും പ്രതീക്ഷ നല്‍കുന്നവയാണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന കിങ്, തലൈവര്‍ 173, രജിനി- കമല്‍ റീയൂണിയന്‍ പ്രൊജക്ട്, ലവ് ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയ സിനിമകളെല്ലാം അനിരുദ്ധിന്റെ റേഞ്ച് വ്യക്തമാക്കുന്നവയാകുമെന്ന് ഉറപ്പാണ്.

Content Highlight: Anirudh’s BGM in Kamal Rajni Reunion viral in Social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more