| Saturday, 16th May 2026, 7:00 pm

അനീ, ഇത് നീ തന്നെയാണോ ചെയ്തത്... റോക്ക്‌സ്റ്റാര്‍ അപ്പടിയേ വേറെ ട്രാക്ക് എന്ന് ആരാധകര്‍, സോഷ്യല്‍ മീഡിയക്ക് തീയിട്ട് ഡി. സി ട്രെയ്‌ലര്‍ ബി.ജി.എം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് അനിരുദ്ധ്. 18ാം വയസില്‍ വൈ ദിസ് കൊലവെറി എന്ന പാട്ടുമായി വന്ന് സംഗീതലോകത്തെ ഞെട്ടിച്ച അനിരുദ്ധ് ഇന്ന് തമിഴിലെ മുന്‍നിര സംഗീതസംവിധായകനാണ്. ഓരോ പാട്ടും ചാര്‍ട്ട്ബസ്റ്ററാക്കി മാറ്റാന്‍ കഴിവുള്ള ചുരുക്കം സംഗീതസംവിധായകരിലൊരാള്‍ കൂടിയാണ് അനിരുദ്ധ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഭരിക്കുന്ന തരത്തിലാണ് അനിരുദ്ധ് തന്റെ പാട്ടുകളൊരുക്കുന്നത്. എന്നാല്‍ ലിയോയ്ക്ക് ശേഷം അനിയുടെ പാട്ടുകള്‍ ആവര്‍ത്തനം തോന്നുന്നുണ്ടെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. ഫാസ്റ്റ് നമ്പറുകള്‍ ഒഴിവാക്കി കുറച്ച് ക്ലാസിക്കല്‍ ഐറ്റം പരീക്ഷിക്കാന്‍ എ.ആര്‍. റഹ്‌മാന്‍ ഉപദേശിച്ചതും വലിയ വാര്‍ത്തയായി.

ഡി.സി Photo: Sun NXT

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഡി.സി എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെ അനിരുദ്ധ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ട്രെയ്‌ലറില്‍ അനി ഒരുക്കിയ ബി.ജി.എം പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. അനിരുദ്ധില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബി.ജി.എമ്മായിരുന്നു ഇത്. ക്ലാസിക്കല്‍ ടച്ചുള്ള ട്രാക്ക് ഇതിനോടകം വൈറലായി.

പതിയെ തുടങ്ങി കത്തിക്കയറുന്ന തരത്തിലാണ് അനിരുദ്ധ് ഈ ട്രാക്ക് ഒരുക്കിയത്. അനി ഒറ്റക്ക് രക്ഷിച്ചെടുത്ത സിനിമകളുടെ ലിസ്റ്റില്‍ ഡി.സിയും ഉണ്ടായേക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഴോണറാണ് ഡി.സി.യുടേത്. വയലന്‍സും പ്രണയവും മിക്‌സ് ചെയ്ത ഡി.സിയില്‍ അനിരുദ്ധ് തന്റെ വിശ്വരൂപം പുറത്തെടുക്കുമെന്നാണ് പലരുടെയും കമന്റുകള്‍.

ലോകേഷ് കനകരാജ് ആദ്യമായി നായകനാകുന്ന ചിത്രമാണ് ഡി.സി. റോക്കി, സാനി കായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണിന്റെ മുന്‍ സിനിമകളുടെ അതേ പാറ്റേണ്‍ തന്നെയാണ് ഡി.സിയും. കൂലിക്ക് പിന്നാലെ വന്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന ലോകേഷ് ക്യാമറക്ക് മുന്നിലെത്തുമ്പോള്‍ എന്താകും അവസ്ഥയെന്നാണ് പലരും ഉറ്റുനോക്കുന്നത്.

വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. തമിഴിലെ മുന്‍നിര നിര്‍മതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ഡി.സിയുടെ നിര്‍മാതാക്കള്‍. ദേവദാസ് എന്ന നോവലിലെ കഥാപാത്രങ്ങളുടെ പേര് വയലന്‍സ് നിറഞ്ഞ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാകും ഇതെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നുണ്ട്. ഈ മാസം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Anirudh’s BGM in DC movie trailer viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more