| Thursday, 14th August 2025, 8:48 am

സത്യം പറഞ്ഞാല്‍ മോണിക്ക ബെലൂച്ചി ഈ പാട്ട് കാണുമെന്നൊന്നും ഞാന്‍ കരുതിയില്ല: അനിരുദ്ധ് രവിചന്ദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കൂലി. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തി. കൂലിക്ക് വേണ്ടി സംഗീതമൊരുക്കിയത് തമിഴിലെ സൂപ്പര്‍ഹിറ്റ് മ്യൂസിക് ഡയറക്ടറായ അനിരുദ്ധ് രവിചന്ദറാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഓരോ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രത്യേകിച്ച് ‘മോണിക്ക’ പാട്ട്. മോണിക്ക ഇറങ്ങിയതിന് ശേഷം സകലമാന പ്ലാറ്റ്‌ഫോമുകളിലും ഈ ഗാനം തരംഗമായിരുന്നു. പൂജ ഹെഡ്‌ഗെയും സൗബിന്‍ ഷാഹിറും തകര്‍ത്താടിയ പാട്ട്, ലോകേഷും അനിരുദ്ധും ചേര്‍ന്ന് താരറാണിയായ മോണിക്ക ബെലൂച്ചിക്ക് നല്‍കിയ ട്രിബ്യൂട്ട് ആയിരുന്നു.

ഇപ്പോള്‍ ‘മോണിക്ക’ എന്ന പാട്ടിനെ കുറച്ച് സംസാരിക്കുകയാണ് അനിരുദ്ധ് രവിചന്ദര്‍. പാട്ട് ചെയ്തപ്പോള്‍ മോണിക്ക ബെലൂച്ചി അത് കാണുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്ന് അനിരുദ്ധ് പറയുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം പറഞ്ഞാല്‍ ലോകേഷും ഞാനും ഒരിക്കല്‍ യാദൃശ്ചികമായി മോണിക്ക ബെലൂച്ചിയുടെ ചില ക്ലിപ്പുകള്‍ യൂട്യൂബില്‍ കാണുകയായിരുന്നു. പിന്നീട് ഞങ്ങള്‍ പാട്ട് തയ്യാറാക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ മനസിലേക്ക് കടന്നുവരികയായിരുന്നു. പാട്ടുണ്ടാകുമ്പോള്‍ സാധാരണയായി ഞാന്‍ ചില വാക്കുകള്‍ ഓര്‍ഡര്‍ ഇല്ലാതെ ചേര്‍ക്കാറുണ്ട്. അങ്ങനെ വന്നതാണ് മോണിക്ക ബെലൂച്ചിയും,’ അനിരുദ്ധ് രവിചന്ദര്‍ പറയുന്നു.

പാട്ട് ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് മോണിക്ക ബെലൂച്ചിയെ അറിയാമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ പാട്ട് പുറത്തിറങ്ങിയതിന് ശേഷം ആളുകള്‍ അത് ഏറ്റെടുത്തു. താന്‍ വിചാരിച്ചതിനേക്കാള്‍ ആരാധകര്‍ ബെലൂച്ചിക്ക് നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗാനം പുറത്തിറങ്ങിയതിന് ശേഷം എല്ലാവരും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് പോയി അവരെ ടാഗ് ചെയ്ത് വീഡിയോ കാണാന്‍ ആവശ്യപ്പെടുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എനിക്ക് ലഭിക്കാന്‍ തുടങ്ങി. പിന്നെ അവര്‍ അത് കാണുമെന്നൊന്നും ഞാന്‍ വിചാരിച്ചേ ഇല്ല,’ അനിരുദ്ധ് പറഞ്ഞു.

Content Highlight: Anirudh Ravichander talks about Monica Song

We use cookies to give you the best possible experience. Learn more