| Friday, 5th December 2025, 11:24 am

നമ്പര്‍ വണ്‍ അനിരുദ്ധ് തന്നെ; സ്‌പോട്ടിഫൈയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടത് ആ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ എന്നറിയപ്പെടുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍.  2012ല്‍ പുറത്തിറങ്ങിയ ത്രീ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ അനിരുദ്ധിന് ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിരയിലേക്ക് എത്താന്‍ സാധിച്ചിരുന്നു. ജവാനിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ച അനിരുദ്ധ് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ്.

ഇന്ത്യക്ക് പുറത്തും അനിരുദ്ധിന്റെ സംഗീതത്തിന് ആരാധകരുണ്ട്. ഇപ്പോഴിതാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട സൗത്ത് ഇന്ത്യന്‍ ആല്‍ബം അനിരുദ്ധിന്റെ പേരിലായിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായെത്തിയ കൂലിയിലെ ഗാനങ്ങളാണ് ഇത്തവണ സ്‌പോട്ടിഫൈയില്‍ ഒന്നാം സ്ഥാനത്തെത്തിയ സൗത്ത് ഇന്ത്യന്‍ ആല്‍ബം.

ചിത്രത്തിലെ തന്നെ മോണിക്കാ എന്ന ഗാനമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട തമിഴ് ഗാനം. ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. മോണിക്ക എന്ന ഗാനവും പാട്ടിലെ സൗബിന്റെ ഡാന്‍സും റീല്‍സ് അടക്കി ഭരിച്ചിരുന്നു. കൂലിയിലെ ‘കൂലി പവര്‍ ഹൗസ്’ എന്ന ഗാനവും റീല്‍സില്‍ ട്രെന്‍ഡിങ്ങായിരുന്നു.

എന്നാല്‍ ലിയോയ്ക്ക് ശേഷം വന്‍ഹൈപ്പിലെത്തിയ കൂലി തിയേറ്ററില്‍ ആവേറജ് വിജയമാണ് സ്വന്തമാക്കിയത്. ലോകേഷ് കനകരാജിന്റെ കരിയറിലെ മോശം സിനിമയായാണ് പലരും കൂലിയെ കണക്കാക്കിയത്.

അതേസമയം ലവ് ഇന്‍ഷുറഷന്‍സ് കമ്പനിയാണ് അനിരുദ്ധിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായിക. വിഘ്‌നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ ഡിസംബര്‍ 18ന് തിയേറ്ററുകളിലെത്തും.

Content Highlight: Anirudh Ravichander’s Coolie album is the south india’s most streamed album on Spotify this year

We use cookies to give you the best possible experience. Learn more