| Monday, 13th April 2026, 10:16 pm

മെലഡികളിലൂടെ കേട്ട എന്റെ ശബ്ദം 'പേമാരി'യില്‍ വന്നപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു: അനില രാജീവ്

ഐറിന്‍ മരിയ ആന്റണി

സമീപകാലത്തിറങ്ങിയ ഹിറ്റ് ഗാനങ്ങള്‍ക്ക് പുറകില്‍ മുഴങ്ങി കേള്‍ക്കുന്ന പേരാണ്, അനില രാജീവ്. റിയാലിറ്റി ഷോകളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട അനില വെള്ളിത്തിരയിലും സജീവമാകുകയാണ് ഇപ്പോള്‍. എ.ആര്‍.എം, തുടരും, ഓടും കുതിര ചാടും കുതിര, ഒടുവില്‍ പുറത്തിറങ്ങിയ ആട് 3 എന്നീ സിനിമകളിലെ ഗാനങ്ങള്‍ അനില രാജീവ് ആലപിച്ചിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാല്‍ നായകനായ തുടരും സിനിമയിലെ പേമാരി എന്ന ഗാനത്തിലൂടെയാണ് അനില കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അന്‍വര്‍ അലി എഴുതി ജേക്‌സ് ബിജോയ് ഈണമിട്ട ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ഗാനം ആലപിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അനില.

‘ചെന്താമര പൂവിന്‍ പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ചെയ്തത് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്യുടെ മാനേജര്‍ ഡോണ്‍ വിന്‍സന്റ് കണ്ടാണ് ‘തുടരു’മിലെ പേമാരിക്കായി നിര്‍ദേശിച്ചത്. മെലഡികളിലൂടെ കേട്ട എന്റെ ശബ്ദം പേമാരിയില്‍ വന്നപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. അവരോടു ഞാന്‍ പറഞ്ഞത് ‘ജേക്സ് ബിജോയ് മാജിക്’ എന്നാണ്. കാടിന്റെ മെറ്റഫര്‍ പോലെ തുടരും സിനിമയിലുടനീളം എന്റെ ശബ്ദമുണ്ട്.

മുണ്ടുമടക്കികുത്തി ലാലേട്ടന്‍ നടന്നു വരുമ്പോള്‍ ബാക്ഗ്രൗണ്ടില്‍ എന്റെ ശബ്ദം, അതൊരു രോമാഞ്ചമാണ്. സിനിമ റിലീസായപ്പോള്‍ പ്രകാശ് വര്‍മ സാര്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പവര്‍ഫുള്‍ ബേസ് വോയ്‌സില്‍ അഭിനന്ദനം കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും ഒരുപോലെ തോന്നി. എ.ആര്‍.എം സിനിമയിലെ ‘കിളിയേ’യിലെ മായം കാട്ടി മയക്കിടല്ലേ, ലോകയിലെ വേള്‍ഡ് ഓഫ് ലോകയുടെ തുടക്കം അങ്ങനെ, പാടിയ വരികള്‍ റീലുകളില്‍ ട്രെന്‍ഡിങ്ങാകുന്നത് വലിയ സന്തോഷമാണ്,’ അനില രാജീവ് പറയുന്നു.

അമ്മ സുധ നന്നായി പാടുമെന്നും തന്നെ ചില പാട്ടുകള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. നാലാം ക്ലാസ് മുതല്‍ താന്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നുവെന്നും ഉപരിപഠന കാലത്ത് ചെറിയ ഇടവേള വന്നെങ്കിലും ജോലിയില്‍ പ്രവേശിച്ചതോടെ പാട്ടു പഠനം പൊടിതട്ടിയെടുത്തുവെന്നും അനില കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിലെ ഐ.ടി ജോലിക്കിടയിലാണ് ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതെന്നും അന്ന് ഫിനാലെ വരെ എത്താന്‍ കഴിഞ്ഞിരുന്നുവെന്നും അനില രാജീവ് പറഞ്ഞു.

Content Highlight: Anila Rajeev talks about the song pemari in thudarm 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more