മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച സൗണ്ട് ഡിസൈനറാണ് അനില്‍ രാധാകൃഷ്ണന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഞാന്‍ പ്രകാശന്‍, പാച്ചുവും അത്ഭുതവിളക്കും, മകള്‍ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച അനില്‍ സര്‍വ്വം മായയിലും ശബ്ദരൂപ കല്‍പ്പന ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു സൗണ്ട് ഡിസൈനറായി പ്രവര്‍ത്തിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് പറയുകയാണ് അദ്ദേഹം.
‘സിനിമ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ് സിനിമയുടെ കഥ പറച്ചിലിനും ബാക്കി സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ സംഗീതവും ബാക്ഗ്രൗണ്ട് സ്റ്റോറുമല്ലാത്ത മറ്റു സൗണ്ടുകള്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതും അതുപയോഗിച്ച് ആ സീന്‍ പൂര്‍ണമാക്കുന്നതുമാണ് സൗണ്ട് ഡിസൈന്‍.
ലളിതമായിപ്പറഞ്ഞാല്‍ ശബ്ദം കൊണ്ട് എങ്ങനെ ഒരു കഥപറച്ചിലിനെ സഹായിക്കാന്‍ പറ്റും അല്ലെങ്കില്‍ സന്ദര്‍ഭം ക്രിയേറ്റ് ചെയ്യാന്‍ പറ്റും എന്നുള്ള ജോലിയാണ് സൗണ്ട് ഡിസൈനര്‍ ചെയ്യുന്നത്.
ഒരു ഹൊറര്‍ സിനിമയില്‍ പേടിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിവിധ ശബ്ദങ്ങള്‍ തെരഞ്ഞെടുക്കുന്നതും അവ എങ്ങനെ കൃത്യമായി ഉപയോഗിക്കുന്നു എന്നതൊക്കെ ഇതില്‍പ്പെടും,’ അനില്‍ രാധാകൃഷണന്‍ പറയുന്നു.
തന്റെ അഭിപ്രായത്തില്‍ ഏറ്റവും പ്രധാനം സംഭാഷണമാണെന്നും കഥപറച്ചിലിന് ഏറ്റവും അനിവാര്യമായ ഒരു ഘടകം അതാണെന്നും അദ്ദേഹം പറയുന്നു. ഒരു സീനില്‍ സംഭാഷണത്തിന് ശബ്ദം കുറയുകയും സംഗീതത്തിന് കൂടുകയും ചെയ്താല്‍ അവിടെ പ്രേക്ഷകന് അരോചകമാകുമെന്നും കഥപറച്ചിലിന്റെ ആസ്വാദനത്തെയാണ് അത് ബാധിക്കുന്നതെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സംഭാഷണം മനസിലായില്ലെങ്കില്‍ അത് ആലോചിച്ച് അതിന്റെ അടുത്ത ഭാഗം മിസാകുമെന്നും അതും മിസായിക്കഴിഞ്ഞാല്‍ അത് സിനിമയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുമെന്നും അനില്‍ പറയുന്നു.
Content Highlight: Anil radhakrishnan talks about what to do when working as a sound designer