| Monday, 12th May 2025, 3:03 pm

'രാജ്യസ്‌നേഹത്തിന് മുകളിലാണ് ഭീകരവാദികളുടെ പണമെന്ന് തെളിയിച്ചല്ലോ'; മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് മോഹന്‍ലാലിനെതിരെ അനില്‍ നമ്പ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോഹന്‍ ലാലിനെതിരെ അധിക്ഷേപവുമായി ജനം ടി.വി അവതാരകന്‍ അനില്‍ നമ്പ്യാര്‍. ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിച്ച സാംസ്‌കാരിക മേള ‘കമോണ്‍ കേരള’യുടെ ഏഴാം എഡിഷനില്‍ പങ്കെടുത്തതിലാണ് മോഹന്‍ലാലിനെതിരെ അനില്‍ നമ്പ്യാര്‍ രംഗത്തെത്തിയത്. മോഹന്‍ലാല്‍ മേളയിലെ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യക്കെതിരെ ഭീകരര്‍ പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് മാധ്യമത്തിന്റെ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നമ്പ്യാര്‍ അധിക്ഷേപം നടത്തിയത്.

‘പാക് തീവ്രവാദികള്‍ നമ്മുടെ സ്വന്തം ഭാരതത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഷെല്ലുകളും വര്‍ഷിക്കുമ്പോള്‍ ഗള്‍ഫില്‍ പോയി മൗദൂദി പത്രത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിന്റെ ആ മനസ് ആരും കാണാതെ പോകരുത്,’ അനില്‍ നമ്പ്യാര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനില്‍ നമ്പ്യാരുടെ അധിക്ഷേപം.

ഇസ്‌ലാമിസ്റ്റുകൾ എത്ര പണം കൊടുത്താണ് മോഹന്‍ലാലിനെ ഈ പരിപാടിയില്‍ ഇറക്കിയതെന്ന് അറിയില്ലെന്നും അനില്‍ നമ്പ്യാര്‍ പറയുന്നു. എന്തായാലും രാജ്യസ്‌നേഹത്തിന് മുകളിലാണ് ഭീകരവാദികളുടെ പണമെന്ന് തെളിയിച്ചല്ലോ എന്നും മോഹന്‍ലാലിനെ അധിക്ഷേപിച്ചുകൊണ്ട് അനില്‍ നമ്പ്യാര്‍ കുറിച്ചു.

മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ കടുത്ത സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് അനില്‍ നമ്പ്യാരും സമാനമായ രീതിയില്‍ പ്രതികരിച്ചിരിക്കുന്നത്.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സൈന്യത്തെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ സംഘപരിവാര്‍ രൂക്ഷമായ ഭാഷയിലാണ് അധിക്ഷേപം നടത്തിയിരുന്നത്.

തീവ്രവാദികളെ വാഴ്ത്തി ഒരു എമ്പുരാന്‍ 3 എടുത്ത് നമ്മുക്ക് രാജ്യസ്‌നേഹം കാണിക്കേണ്ടേ പ്രിയ ഖുറേഷി, ഖുറേഷിയുടെ സ്വന്തം സയീദിനെ പരിശീലിപ്പിച്ച കേന്ദ്രം ചുട്ടുചാമ്പലാക്കിയിട്ടുണ്ട്. അവന്റെ കൂട്ടാളികളെയും കലിമ ചൊല്ലി കാലപുരിക് അയച്ചിട്ടുണ്ട്, ഹലാലേട്ടാ നിങ്ങളുടെ ഒണക്ക അബ്രാം ഖുറേഷിയല്ല…. നല്ലൊന്നന്തരം പത്തരമാറ്റ് ഖുറേഷി… കേണല്‍ സോഫിയ ഖുറേഷി… അവളാണ് പോയി ചാമ്പിയത്, അരി മേടിക്കാന്‍ ഗതി ഇല്ലാ യിരുന്നത് കൊണ്ടാവും എമ്പുരാന്‍ പിടിച്ചത് എന്ന് ഓര്‍ത്തു ആശ്വസിക്കുന്നു, എമ്പുരാന്‍ മറക്കണ്ട. ഞങ്ങളുടെ സന്തോഷത്തില്‍ താങ്കള്‍ ഇടപെടുകയും വേണ്ട. രാജ്യദ്രോഹിയാണ് താന്‍ തുടങ്ങിയ കമന്റുകളാണ് മോഹന്‍ലാലിനെതിരെ ഉയര്‍ന്നത്.

നേരത്തെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ എമ്പുരാന്‍ സിനിമയിലെ ഗുജറാത്ത് കലാപം അടക്കമുള്ള രംഗങ്ങള്‍ സംഘപരിവാറിനെ പ്രകോപിതരാക്കിയിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ടായിരുന്നു. തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ അനുകൂലികള്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ നടത്തിയത്.

ഒടുവില്‍ എമ്പുരാന്‍ റീ-എഡിറ്റ് ചെയ്യാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. പിന്നാലെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നടത്തിയിരുന്നു.

എമ്പുരാന് പിന്നാലെ മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയിലും ഉയര്‍ന്നത്.

Content Highlight: Anil Nambiar against mohanlal

We use cookies to give you the best possible experience. Learn more