ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെ വര്‍ധിപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ചെന്നൈക്ക് സഞ്ജു അനുയോജ്യനായ താരമാണെന്നും ധോണിയുടെ ശൈലിയിലുള്ള ഒരു വിക്കറ്റ് കീപ്പര്‍-ബാറ്ററിന്റെ പരിചയസമ്പത്ത് സി.എസ്.കെയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടാണെന്നും കുംബ്ലെ പറഞ്ഞു. മാത്രമല്ല സഞ്ജുവിന്റെ നേതൃത്വത്തിന്റെ ഗുണങ്ങള്‍ സി.എസ്.കെയ്ക്ക് ഉറപ്പായും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു ചെന്നൈയുടെ ആരാധകരെ വര്‍ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചെന്നൈക്ക് അദ്ദേഹം തികച്ചും അനുയോജ്യനാണ്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന, തമിഴ് സംസാരിക്കുന്ന, പ്രാദേശിക ബന്ധം സൃഷ്ടിക്കുന്ന, എം.എസ്. ധോണിയുടെ ശൈലിയിലുള്ള ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റര്‍, അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സി.എസ്.കെയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടാണ്.
വൈസ് ക്യാപ്റ്റന്‍ റോളിന് സഞ്ജു തികച്ചും അനുയോജ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിരവധി സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുള്ളതിനാല്‍ സഞ്ജുവിന്റെ നേതൃത്വം സ്വാഭാവികമായി ലഭിക്കും. സി.എസ്.കെയ്ക്ക് ഉറപ്പായും അതിന്റെ ഗുണങ്ങള്‍ ലഭിക്കും.
കഴിഞ്ഞ വര്‍ഷം പരിക്കുമൂലം റുതുരാജ് ടീമില്‍ നിന്ന് പുറത്തായപ്പോള്‍, ധോണി ഇടപെട്ടിരുന്നു. മുമ്പ് രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്നപ്പോള്‍, സീസണിന്റെ മധ്യത്തില്‍ ധോണിക്ക് നേതൃത്വം ഏറ്റെടുക്കേണ്ടി വന്നിരുന്നു. ധോണിക്ക് ശേഷം ആരാണ് നായകനാകുക എന്ന വെല്ലുവിളി ഉണ്ടായിരുന്നു,’ കുംബ്ലെ പറഞ്ഞു.
അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ടീമുകള്‍ കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.
Content Highlight: Anil Kumble Talking About Sanju Samson