| Wednesday, 14th May 2025, 10:01 pm

അവര്‍ മൂന്ന് പേരും കളിക്കളത്തില്‍ നിന്ന് ഉചിതമായ വിരമിക്കല്‍ അര്‍ഹിച്ചിരുന്നു: അനില്‍ കുംബ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

വലിയ അനുഭവസമ്പത്തുള്ള രണ്ട് മികച്ച താരങ്ങളെ ഇന്ത്യക്ക് നഷ്ടപ്പെട്ടപ്പോള്‍ നിലവില്‍ സീനിയര്‍ താരങ്ങള്‍ എന്നു പറയാന്‍ ടീമിലുള്ളത് രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മാത്രമാണ്.

മാത്രമല്ല കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആര്‍. അശ്വിനും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് താരങ്ങളുടെയും അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്പിന്നറുമായ അനില്‍ കുംബ്ലെ.

രോഹിത്തും വിരാടും അശ്വിനും ഉചിതമായ യാത്രയയപ്പ് അര്‍ഹിച്ചിരുന്നു എന്നാണ് അനില്‍ കുംബ്ലെ പറഞ്ഞത്. ബി.സി.സി.ഐക്ക് ഈ കാര്യത്തില്‍ പിഴവ് പറ്റിയെന്നും മുന്‍ താരം ചൂണ്ടിക്കാണിച്ചു.

‘ആദ്യം അശ്വിന്‍, ഇപ്പോള്‍ രോഹിത് ശര്‍മ, പിന്നെ വിരാട് കോഹ്‌ലി. അവര്‍ മൂന്ന് പേരും കളിക്കളത്തില്‍ നിന്ന് ഒരു ഉചിതമായ വിരമിക്കല്‍ അര്‍ഹിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ബി.സി.സി.ഐക്ക് അക്കാര്യത്തില്‍ പിഴവ് സംഭവിച്ചെന്ന് തോന്നുന്നുണ്ട്. ഇത് സോഷ്യല്‍ മീഡിയ യുഗമാണെന്ന് എനിക്കറിയാം. പക്ഷെ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആളുകളും ആര്‍പ്പുവിളികളും തീര്‍ച്ചയായും മറ്റൊരു അനുഭവമാണ്,’ അനില്‍ കുംബ്ലെ പറഞ്ഞു.

രോഹിത് ശര്‍മ എല്ലാവരെയും ഞെട്ടിച്ച് മെയ് ഒമ്പതിന് ടെസ്റ്റിന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിരാടും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അഭ്യൂഹങ്ങളായിരിക്കുമെന്ന് ആരാധകര്‍ ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് കോഹ്‌ലി മെയ് 12ന് തന്റെ വിരമിക്കല്‍ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

Content Highlight: Anil Kumble Talking About Rohit Sharma, Virat Kohli And R. Ashwin

We use cookies to give you the best possible experience. Learn more