| Thursday, 9th July 2026, 7:51 am

ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കേണ്ടതായിരുന്നു; വിമര്‍ശനവുമായി അനില്‍ കുംബ്ലെ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഐ.പി.എല്ലില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും കുല്‍ദീപ് ഒരു ചാമ്പ്യന്‍ ബൗളറാണെന്ന് കുംബ്ലെ പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സിംബാബ്‌വേയ്‌ക്കെതിരായ സ്‌ക്വാഡിലും താരത്തെ പരിഗണിക്കാത്തതിനെക്കുറിച്ചും കുംബ്ലെ എടുത്തുപറഞ്ഞു.

‘കുല്‍ദീപ് യാദവിന് മികച്ചൊരു ഐ.പി.എല്‍ സീസണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം ഒരു ചാമ്പ്യന്‍ ബൗളറാണ്. ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കേണ്ടതായിരുന്നു. പക്ഷേ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇപ്പോള്‍ സിംബാബ്‌വേയ്‌ക്കെതിരായ സ്‌ക്വാഡിലും അദ്ദേഹത്തെ പരിഗണിച്ചില്ല.

ഐ.പി.എല്ലിലെ ഒരു മോശം പ്രകടനത്തിന് പിന്നാലെ തന്നെ കുല്‍ദീപിനെ മറികടന്ന് മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്നു. മാത്രമല്ല താരത്തിന് വിശ്രമം നല്‍കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവിന് 38 വയസായിട്ടില്ല. അടുത്ത യുവ സ്പിന്നറെ കണ്ടെത്താനുള്ള ഘട്ടത്തിലുമല്ല ടീം ഇപ്പോള്‍. അദ്ദേഹം ഇപ്പോഴും യുവതാരമാണ്, എന്നാല്‍ എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരാംഗവുമല്ല. അദ്ദേഹത്തിന് അമിതമായ മത്സരഭാരവും ഇല്ല. അതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കേണ്ട സാഹചര്യമില്ല,’ അനില്‍ കുംബ്ലെ സ്റ്റാര്‍ സ്പോര്‍ട്‌സിനോട് പറഞ്ഞു.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു കുല്‍ദീപ്. ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റ് നേടി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനം നേടാനും കുല്‍ദീപിന് സാധിച്ചിരുന്നു.

2026ല ഐ.പി.എല്‍ സീസണില്‍ ദല്‍ഹിക്ക് വേണ്ടി 12 മത്സരങ്ങളില്‍ 10 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20 ഫോര്‍മാറ്റില്‍ 52 ഇന്നിങ്‌സില്‍ നിന്ന് 95 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഏകദിനത്തില്‍ 118 ഇന്നിങ്‌സില്‍ നിന്ന് 194 വിക്കറ്റും ടെസ്റ്റില്‍ 34 ഇന്നിങ്‌സില്‍ നിന്ന് 79 വിക്കറ്റും കുല്‍ദീപ് നേടി.

Content Highlight: Anil Kumble Talking About Kuldeep Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more