| Sunday, 15th March 2026, 2:21 pm

അവന്‍ ഐ.പി.എല്ലിലെ അണ്ടര്‍റേറ്റഡ് ക്യാപ്റ്റന്‍: അനില്‍ കുംബ്ലെ

ഫസീഹ പി.സി.

പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ഐ.പി.എല്ലിലെ അണ്ടര്‍റേറ്റഡ് ക്യാപ്റ്റനാണെന്ന് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഒരു ടീമിനെ ചാമ്പ്യന്മാരാക്കി അടുത്ത സീസണില്‍ തന്നെ മറ്റൊരു ടീമിനെ ഫൈനലില്‍ എത്തിക്കുക എന്നത് എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ശ്രേയസ് ക്യാപ്റ്റന്‍സി മാത്രമല്ല, അവന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച രീതിയും തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

അനിൽ കുംബ്ലെ. Photo: KnightRidersXtra/x.com

‘തീര്‍ച്ചയായും, ശ്രേയസ് അയ്യര്‍ ഒരു അണ്ടര്‍ റേറ്റഡ് ക്യാപ്റ്റനാണ്. ഒരു ടീമിനൊപ്പം കിരീടമുയര്‍ത്തി മറ്റൊരു ടീമിലെത്തുക എളുപ്പമല്ല. അവിടെ മറ്റൊരു മാനേജ്മെന്റും അന്തരീക്ഷവും ടീമുമാണുള്ളത്. അതിനാല്‍ സമ്മര്‍ദം വ്യത്യസ്തമായിരിക്കും.

ശ്രേയസ് പുതുതായി ചേര്‍ന്ന ടീം പത്ത് വര്‍ഷകാലം ഫൈനല്‍ കളിച്ചിരുന്നില്ല. പഞ്ചാബ് കിങ്‌സിലെ അവന്റെ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചു. അവന്റെ ക്യാപ്റ്റന്‍സി മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിച്ച രീതിയും എന്നെ വല്ലാതെ ആകര്‍ഷിച്ചു,’ കുംബ്ലെ പറഞ്ഞു.

2025ലാണ് ശ്രേയസ് പഞ്ചാബിന്റെ ടീമിലെത്തുകയും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്തത്. ആ വര്‍ഷം തന്നെ താരം മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച് ടീമിനെ ഫൈനലിലെത്തിച്ചു. എന്നാല്‍, ഫൈനലില്‍ പഞ്ചാബിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

ശ്രേയസ് അയ്യർ. Photo: Cricxtasy/x.com

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു പഞ്ചാബ് ഒരു ഐ.പി.എല്‍ സീസണില്‍ ഫൈനല്‍ കളിക്കുന്നത്. 2014ലായിരുന്നു ഇതിന് മുമ്പത്തെ ടീമിന്റെ ഫൈനല്‍. ഈ നാണക്കേടുമായി ഇറങ്ങിയ ടീമിനെ ശ്രേയസ് ക്യാപ്റ്റനായുള്ള തന്റെ സീസണില്‍ തന്നെ പിടിച്ചുയര്‍ത്തുകയായിരുന്നു. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ചായിരുന്നു താരം പഞ്ചാബിലെത്തിയത്.

അതേസമയം, ഐ. പി. എല്‍ 2026 സീസണ്‍ മാര്‍ച്ച് 28നാണ് ആരംഭിക്കുന്നത്. പഞ്ചാബിന്റെ ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് 31നാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Anil Kumble says that Shreyas Iyer is underrated Captain in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more