| Monday, 9th June 2025, 3:18 pm

സഞ്ജുവിനൊപ്പം ഈ താരങ്ങളും അടുത്ത ലോകകപ്പിലെ സ്ഥാനത്തിനായി മത്സരിക്കും; പ്രസ്താവനയുമായി കുംബ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എൽ 2025 കൊടിയിറങ്ങിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് യുവതാരങ്ങളെ കൂടി സമ്മാനിച്ചാണ് കടന്നുപോകുന്നത്. ടൂർണമെന്റിലെ പ്രകടനങ്ങൾ കൊണ്ട് ആരാധകരെ ഞെട്ടിച്ച താരങ്ങളാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി, പഞ്ചാബ് കിങ്‌സ് ഓപ്പണർമാരായ പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ് എന്നിവരെല്ലാം.

ഇപ്പോൾ ഇവരൊക്കെ 2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി – 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടാൻ മത്സരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ഇവർക്ക് പുറമെ, ശുഭ്മൻ ഗിൽ, സായ് സുദർശൻ, യശസ്വി ജെയ്‌സ്വാൾ എന്നിവരും സഞ്ജുവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ നീണ്ട നിരയുള്ളതിനാൽ ടീം സെലക്ഷൻ വെല്ലുവിളിയാകുമെന്നും അതിൽ ഫിറ്റ്‌നസ് ഒരു പ്രധാന പങ്ക് വഹിക്കുമെന്നും മുൻ താരം കൂട്ടിച്ചേർത്തു. ജിയോസ്റ്റാറിൽ സംസാരിക്കുകയായിരുന്നു അനിൽ കുംബ്ലെ.

‘പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, വൈഭവ് സൂര്യവംശി – ഇവരെല്ലാം തീർച്ചയായും ലോകകപ്പ് സ്ഥാനത്തിനായി മത്സരിക്കും. ടൂർണമെന്റിന് മുമ്പ് ശേഷിക്കുന്ന ടി-20കൾ ഉപയോഗിച്ച് മികച്ച 15 അംഗ ടീമിനെ കണ്ടെത്തുക എന്നതാണ് പ്രധാനം. ടി – 20യിലും മുന്നേറാൻ കഴിയുന്ന ശുഭ്മാൻ ഗിൽ, സായ് സുദർശൻ, യശസ്വി ജെയ്‌സ്വാൾ താരങ്ങൾ നിങ്ങൾക്ക് ഇപ്പോഴുണ്ട്. പിന്നെ സഞ്ജു സാംസണും.

അതിനാൽ ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തണമെന്നത് വെല്ലുവിളിയായിരിക്കും. ടീം സെലക്ഷനിൽ ഫിറ്റ്‌നസ് ഒരു പ്രധാന പങ്ക് വഹിക്കും. ലോകകപ്പിൽ പൂർണമായും ഫിറ്റ്‌നസുള്ള ഒരു ടീം ആവശ്യമാണ്. അത് സെലക്ടർമാരും മാനേജ്‌മെന്റും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ കുംബ്ലെ പറഞ്ഞു.

Content Highlight: Anil Kumble says IPL batting sensations will definitely be in contention fo T20 World Cup spot with Sanju Samson

We use cookies to give you the best possible experience. Learn more