| Monday, 30th March 2026, 3:12 pm

ഈ സീസണില്‍ അദ്ദേഹം എല്ലാ ടീമുകളുടേയും പേടിസ്വപ്‌നമാകും; പ്രശംസയുമായി അനില്‍ കുംബ്ലെ

ശ്രീരാഗ് പാറക്കല്‍

രോഹിത് ശര്‍മയുടെ പ്രകടനം ഐ.പി.എല്ലില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ. രോഹിത്തിന്റെ പ്രകടനം കാണുമ്പോള്‍ സിക്‌സ് അടിക്കുന്നത് എളുപ്പമാണെന്ന് തോന്നിയെന്നും അടിച്ച ഷോട്ടുകള്‍ ഗാലറിയിലേക്ക് പറന്നെന്നും കുംബ്ലെ പറഞ്ഞു. ഐ.പി.എല്ലിന്റെ ഈ പതിപ്പില്‍ രോഹിത് എല്ലാ ഐ.പി.എല്‍ ടീമുകളെയും ആശങ്കപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ശര്‍മ തന്റെ 2.0 പ്രകടനത്തിലെത്തിയതായി തോന്നുന്നു, അദ്ദേഹത്തിന്റെ ഇന്നിങ്‌സ് വീണ്ടും ആധിപത്യം സ്ഥാപിച്ചുതുടങ്ങി. ഗ്രൗണ്ടിലുടനീളം അദ്ദേഹം പന്ത് അടിച്ച രീതി അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ ഓര്‍മിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ സിക്‌സ് അടിക്കുന്നത് എളുപ്പമാണെന്ന് തോന്നി!

ബൗണ്ടറികള്‍ ചെറുതായിരുന്നെങ്കിലും, ആ ഷോട്ടുകള്‍ ഗാലറിയിലേക്ക് പറന്നു. രോഹിത് തന്റെ ബിസിനസിലേക്ക് കടന്നുകഴിഞ്ഞു. ഈ പതിപ്പില്‍ അദ്ദേഹം എല്ലാ ഐ.പി.എല്‍ ടീമുകളെയും ഭയപ്പെടുത്തുമെന്ന് ഉറപ്പാണ്,’ അനില്‍ കുംബ്ലെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.

മത്സരത്തില്‍ മുംബൈക്ക് വേണ്ടി റിക്കില്‍ട്ടണ്‍ 43 പന്തില്‍ 81 റണ്‍സും രോഹിത് 38 പന്തില്‍ 78 റണ്‍സും നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. ഒപ്പം തിലക് വര്‍മ (14 പന്തില്‍ 20), ഹര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 18*), സൂര്യകുമാര്‍ യാദവ് (എട്ട് പന്തില്‍ 16) എന്നിവരും റണ്‍സ് നേടി. വിജയത്തോടൊപ്പം കഴിഞ്ഞ 13 സീസണിലും ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ചീത്തപ്പേര് മാറ്റാന്‍ മുംബൈക്ക് സാധിച്ചു.

Content Highlight: Anil Kumble Praises Rohit Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more